കൊല്ലം: ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി മാധ്യമ നിരീക്ഷണത്തിനും സാക്ഷ്യപ്പെടുത്തലിനുമായി മീഡിയ സര്ട്ടിഫിക്കേഷന് ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി (എം.സി.എം.സി) യുടെ പ്രവര്‍ത്തനം ആരംഭിച്ചു. ജില്ല തെരഞ്ഞെടുപ്പ് വിഭാഗത്തിന്റെയും-ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസിന്റെയും ആഭിമുഖ്യത്തിൽ സിവില്‍ സ്റ്റേഷനില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സെല്ലിന്റെ ഉദ്ഘാടനം ജില്ല തെരഞ്ഞെടുപ്പ് ഓഫിസർ കലക്ടര്‍ എന്‍. ദേവിദാസ് നിര്‍വഹിച്ചു. സുതാര്യവും പക്ഷപാതരഹിതവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനായാണ് സെന്റർ പ്രവര്‍ത്തിക്കുക. വ്യാജ വാര്‍ത്തകള്‍, വിദ്വേഷ പ്രസ്താവനകള്‍ തുടങ്ങിയവ പ്രചരിക്കുന്നില്ല എന്ന് ഉറപ്പാക്കാനും വ്യക്തിഹത്യ, അപകീര്‍ത്തിപ്പെടുത്തല്‍, പെയ്ഡ് ന്യൂസ് എന്നിവ കണ്ടെത്തി തടയുന്നതിന് തുടര്‍നടപടി സ്വീകരിക്കുകയും സംവിധാനത്തിന്റെ ചുമതലയാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍, പരസ്യങ്ങള്‍, താരപ്രചാരകരുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിവിധ പ്രചാരണപ്രവര്‍ത്തനങ്ങള്‍, നവമാധ്യമങ്ങളിലെ തെരഞ്ഞെടുപ്പ് സംബന്ധമായ ഉള്ളടക്കത്തിന്റെ നിരീക്ഷണം, റേഡിയോ പരസ്യങ്ങള്‍, സ്ഥാനാർഥികളുടെ പരസ്യചിത്രങ്ങളുടെ സാക്ഷ്യപ്പെടുത്തല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ എം.സി.എം.സി നിര്‍വഹിക്കും.
സബ് കലക്ടര്‍ മുകുന്ദ് ഠാകുര്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ കെ. രാജന്‍ബാബു, ഇഗ്നേഷ്യസ് പെരേര, ജില്ല ഇന്‍ഫർമാറ്റിക്സ് ഓഫിസര്‍ ജിജി ജോര്‍ജ് എന്നിവരും മെംബര്‍ സെക്രട്ടറിയായി ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഡോ.വി. രമ, മീഡിയ നോഡല്‍ ഓഫിസര്‍ എല്‍. ഹേമന്ത്കുമാര്‍ എന്നിവരാണ് അംഗങ്ങള്‍.
സമ്മതിദാന അവകാശത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജുക്കേഷന്‍ ആൻഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ പേരിലേക്ക്. വിവിധ സര്‍ക്കാര്‍ ആശുപത്രികളിലെ ഒ.പി ടിക്കറ്റുകളില്‍ ഡോക്ടര്‍മാര്‍ ‘ഞാന്‍ വോട്ട് ചെയ്യും താങ്കളും വോട്ട് ചെയ്യണം’ എന്ന ആശയംകൂടി എഴുതിനല്‍കിയാണ് ജനാധിപത്യത്തിനായി കൈകോര്‍ക്കുന്നത്. ജില്ല ആശുപത്രിയില്‍ കലക്ടര്‍ എന്‍. ദേവിദാസ് പരിപാടി ഉദ്ഘാടനം ചെയ്തു. എല്ലാ പൗരന്മാരും സമ്മതിദാന അവകാശം പ്രയോജനപ്പെടുത്തണമെന്നും വോട്ട് ചെയ്യുന്നതിനോടൊപ്പം മറ്റുള്ളവരെ വോട്ട് ചെയ്യാന്‍ ഓരോരുത്തരും പ്രേരിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്വീപ് നോഡല്‍ ഓഫിസര്‍ വി. സുദേശന്‍, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ഡി. വസന്തദാസ്, ജില്ല ആശുപത്രിയില്‍ സൂപ്രണ്ട് ഡോ. അനിത, ആരോഗ്യകേരളം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. ദേവ് കിരണ്‍ എന്നിവര്‍ പങ്കെടുത്തു.
ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജീവനക്കാരെ നിയോഗിക്കുന്നതുള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ ഇത്തവണ ‘ഓഡര്‍’ സോഫ്റ്റ്വെയറിലൂടെ. കുറ്റമറ്റ പ്രവര്‍ത്തനം ഉറപ്പാക്കുന്നതിനാണ് സംവിധാനമെന്ന് കലക്ടര്‍ എന്‍. ദേവിദാസ് വ്യക്തമാക്കി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന വിവിധ സര്‍ക്കാര്‍/ അർധസര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ദേശസാത്കൃത ബാങ്കുകള്‍, കേരള ബാങ്ക്, കേരള ഗ്രാമീണ്‍ ബാങ്ക് ജീവനക്കാരുടെ വിവരങ്ങള്‍ സോഫ്റ്റ്വെയര് മുഖേന ശേഖരിച്ച് മൂന്ന്ഘട്ടങ്ങളായി തരംതിരിച്ചാണ് വിവിധ പോളിങ് സ്റ്റേഷനിലേക്ക് ഉദ്യോഗസ്ഥരെ നിയമിക്കുന്നത്.
ഉദ്യോഗസ്ഥര്‍ക്ക് വോട്ടുള്ള നിയോജകമണ്ഡലത്തിലും നിലവില്‍ ജോലി ചെയ്യുന്ന മണ്ഡലത്തിലും ചുമതല നല്‍കില്ല. ഏപ്രില്‍ 24ന് വിവിധ പോളിങ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ പൂര്‍ണവിവരം ലഭ്യമാകും. ഓരോ പോളിങ് ബൂത്തിലും പ്രിസൈഡിങ് ഓഫിസര്‍, ഫസ്റ്റ് പോളിങ് ഓഫിസര്‍, പോളിങ് ഓഫിസര്‍, പോളിങ് അസി. എന്നിങ്ങനെ നാല് ഉദ്യോഗസ്ഥരെയാണ് നിയമിക്കുന്നത്. പ്രാദേശിക-സാമൂഹിക- രാഷ്ട്രീയ സാഹചര്യങ്ങളെ മുന്‍നിര്‍ത്തി തിരഞ്ഞെടുത്ത പോളിങ് ബൂത്തുകള്‍ക്ക് പ്രത്യേക ക്രമീകരണങ്ങള്‍ സജ്ജമാക്കും. പ്രാദേശിക സാഹചര്യം മുന്‍നിര്‍ത്തി സജ്ജീകരിക്കുന്ന സ്പെസിഫിക് പോളിങ് സ്റ്റേഷനുകളില്‍ അതാത് പ്രദേശത്തെ ജീവനക്കാരെയാണ് നിയമിക്കുക. തിരഞ്ഞെടുക്കപ്പെട്ട സ്റ്റേഷനുകളില്‍ വനിതാ ഉദ്യോഗസ്ഥരെ മാത്രംനിയമിച്ച് പിങ്ക് പോളിങ്സ്റ്റേഷനുകള്‍ സജ്ജീകരിക്കും. പ്രശ്നബാധിത പോളിങ് ബൂത്തുകളില്‍ വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തും. മൈക്രോ ഒബ്സര്‍വറുടെ സേവനവും ബൂത്തില്‍ ഉറപ്പുവരുത്തും. പരാതിരഹിതവും സുതാര്യവുമായ രീതിയിലാണ് നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നത് എന്ന് ജില്ല ഇന്‍ഫര്‍മാറ്റിക്സ് ഓഫിസര്‍ ജിജി ജോര്‍ജ് പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും തിരുത്തല്‍ വരുത്തുന്നതിനുമായി സ്വീപിന്റെ ആഭിമുഖ്യത്തില്‍ ജില്ല ആസൂത്രണ സമിതി ഓഫിസില്‍ പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് സംഘടിപ്പിച്ചത്.
ലോക്സഭ മണ്ഡലത്തിലെ നോമിനേഷന് പ്രക്രിയകള്‍ക്കായി കലക്ടറുടെ ചേംബറില്‍ ആര്.ഒ ഡസ്ക് തുടങ്ങി. നോമിനേഷന് പ്രക്രിയകളുടെ ഭാഗമായി ട്രയല്‍ റണ്ണും സംഘടിപ്പിച്ചു. ഔദ്യോഗിക പാര്‍ട്ടികളെയും സ്വതന്ത്ര സ്ഥാനാര്‍ഥിയെയും പ്രതിനിധീകരിച്ച് മൂന്ന് ഡമ്മി സ്ഥാനാര്‍ഥികളാണ് പത്രികകള്‍ സമര്‍പ്പിച്ചത്. പ്രാഥമികപരിശോധനയില്‍ കണ്ടെത്തിയ ന്യൂനതകള്‍ പരിഹരിക്കുന്നതിനായി ഡമ്മി സ്ഥാനാര്‍ഥികള്‍ക്ക് അറിയിപ്പും നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.