കൊട്ടാരക്കര: പരിമിതികൾക്ക് നടുവിൽ ശ്വാസംമുട്ടി കൊട്ടാരക്കര കെ.എസ്.ആർ.ടി.സി ഡിപ്പോ. വൃത്തിഹീനമായ പരിസരവും സ്ഥലസൗകര്യമില്ലായ്മയും മലിനജലം ചോർന്നൊലിക്കുന്ന ശൗചാലയങ്ങളും സെപ്റ്റിക് ടാങ്കുമാണ് ഇവിടെയുള്ളത്. സ്റ്റാൻഡിന്റെ പിൻഭാഗത്താണ് മാലിന്യം നിറഞ്ഞൊഴുകുന്ന ഓട. സാമൂഹിക വിരുദ്ധരുടെ താവളമായി പിൻഭാഗത്തെ കാത്തിരിപ്പ് കേന്ദ്രം മാറി.
ദിവസം എഴുനൂറോളം ബസുകൾ എത്തുന്ന കൊട്ടാരക്കര കെ.എസ്. ആർ.ടി.സി സ്റ്റാൻഡിലാണ് ഈ ദുരവസ്ഥ. കൊട്ടാരക്കര സ്റ്റാൻഡിൽ നിന്നു മാത്രം ദിവസവും 120 ബസുകൾ സർവിസ് നടത്തുന്നു. കേരളത്തിൽ ഏറ്റവുമധികം ബസുകൾ സർവിസ് നടത്തുന്നതും വരുമാനം കൂടിയതുമായ ഡിപ്പോകളിൽ ഒന്നാണ് കൊട്ടാരക്കര. ഒന്നര ഏക്കർ സ്ഥലത്താണ് ബസ് സ്റ്റാൻഡ്. രണ്ടരക്കോടി രൂപ ചെലവിൽ പുതിയ ബസ് സ്റ്റാൻഡ് നവീകരണത്തിനു പദ്ധതി ഉണ്ടെങ്കിലും സ്ഥലപരിമിതി പ്രതിസന്ധിയാകുകയാണ്. ആയിരക്കണക്കിനു യാത്രക്കാരാണ് ദിവസവും കൊട്ടാരക്കര ബസ് സ്റ്റാൻഡിലെത്തുന്നത്. രാത്രിയിൽ മതിയായ വെളിച്ചമില്ല.
ഇടുങ്ങിയ പ്രവേശനകവാടത്തിലൂടെ നിരയായി നീങ്ങുന്ന ബസുകൾ പതിവ് കാഴ്ചയാണ്. ദേശീയപാതയിലെയും എം.സി റോഡിലെയും ഗതാഗതക്കുരുക്ക് വർധിപ്പിച്ചാണ് യാത്ര. തൊട്ടടുത്താണ് ട്രാഫിക് സംവിധാനവും. 122 ബസുകൾ സ്വന്തമായി ഉണ്ടെങ്കിലും 50 എണ്ണം പോലും സ്റ്റാൻഡിനുള്ളിൽ പാർക്ക് ചെയ്യാൻ സൗകര്യമില്ല. ദേശീയപാതയോരത്ത് വ്യാപാര സ്ഥാപനങ്ങളോട് ചേർന്നാണ് രാത്രി മറ്റ് ബസുകൾ പാർക്ക് ചെയ്യുന്നത്. കൂടുതൽ സ്ഥലം ഏറ്റെടുത്ത് ബസ് സ്റ്റാൻഡ് വിപുലമാക്കാൻ നടപടി ഉണ്ടാവുന്നില്ല. മാസ്റ്റർ പ്ലാൻ തയാറാക്കിയിട്ട് വർഷങ്ങൾ പത്ത് കഴിഞ്ഞു. നടപ്പാക്കാൻ പണമില്ലെന്നാണ് അധികൃതർ പറയുന്നത്.
ബസ് സ്റ്റാൻഡിന്റെ പരിസരത്തും പുരയിടങ്ങളിലും മാലിന്യം തള്ളൽ പതിവാണ്. പൊതുശുചിമുറി സമുച്ചയത്തിൽ ചെറിയ സെപ്റ്റിക് ടാങ്കുകളാണ് സ്ഥാപിച്ചിട്ടുള്ളതെന്നാണ് പരാതി. ടാങ്കുകൾ അടിക്കടി നിറഞ്ഞ് മലിനജലം വശങ്ങളിലേക്ക് പൊട്ടിയൊഴുകുന്നു. ദിവസവും നൂറിലേറെ ബസുകൾ എത്തുന്ന സ്വകാര്യ ബസ് സ്റ്റാൻഡ് പുലമണിലെ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനോട് ചേർന്ന ഭാഗത്താണ്. 50 സെന്റ് സ്ഥലത്ത് പരിമിതമായ സൗകര്യങ്ങളാണ് ഉള്ളത്. ബസ് സ്റ്റാൻഡ് നവീകരണത്തിന് കൊട്ടാരക്കര നഗരസഭ നേതൃത്വത്തിൽ 75 ലക്ഷം രൂപയുടെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ട് രണ്ട് വർഷങ്ങൾ കഴിഞ്ഞിട്ടും ആരംഭിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.