കൊട്ടിയം: വാഹന പരിശോധനക്കിടെ എക്സൈസ് സംഘത്തെ വെട്ടിച്ച് കടന്ന കാർ പിന്തുടർന്ന് പിടികൂടി. കാറിൽനിന്ന് 35 കിലോ കഞ്ചാവും ടൈടോൾ ഇനത്തിൽപ്പെട്ട ഇരുനൂറോളം മാരക മയക്കുമരുന്ന് ഗുളികകളും കണ്ടെടുത്തു.
കൊല്ലം കണ്ണനല്ലൂർ കുളപ്പാടം പുത്തൻകട സ്വദേശി മുഹമ്മദ് ഷെഫിൻ, ഇയാളുടെ സുഹൃത്ത് ഹാരീസ് എന്നിവരാണ് എക്സൈസ് സംഘത്തിന്റെ കണ്ണ് വെട്ടിച്ച് കടന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ശനിയാഴ്ച വൈകീട്ട് നാലോടെയായിരുന്നു സംഭവം. തെരഞ്ഞെടപ്പിനു മുന്നോടിയായി എക്സൈസ് വിഭാഗം സംസ്ഥാന വ്യാപകമായി നടത്തിവരുന്ന സ്പെഷൽ ഡ്രൈവിലാണ് മയക്കുമരുന്ന് പിടികൂടിയത്. കണ്ണനല്ലൂർ പാലമുക്കിൽ എക്സൈസ് വാഹനപരിശോധ നടത്തുന്നതിനിടെ മുഹമ്മദ് ഷെഫിൻ സഞ്ചരിച്ച കാറിന് കൈ കാണിച്ചെങ്കിലും നിർത്തിയില്ല. പിന്നീട് കാർ ഒരു വീടിന്റെ മുന്നിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പരിശോധനയിലാണ് കഞ്ചാവും മയക്കുമരുന്ന് ഗുളികകളും കണ്ടെടുത്തത്. തുടർന്ന് ഉദ്യോഗസ്ഥർ വീട്ടിൽ കയറിയെങ്കിലും ഷെഫിന്റെ മുറിപുറത്തുനിന്നും പൂട്ടിയിരുന്നു. പൂട്ട് പൊളിച്ച് നടത്തിയ പരിശോധനയിൽ കൂടുതൽ കഞ്ചാവ് കണ്ടെടുത്തു. ഇയാളുടെ മുറിയിൽ കറൻസി നോട്ടുകൾ എണ്ണുന്ന മെഷീനും കണ്ടെത്തി.
പ്രതികൾ മയക്കുമരുന്ന് കടത്തിനുപയോഗിച്ചിരുന്ന കാർ ആലുവ സ്വദേശിയിൽനിന്ന് വാടകയ്ക്കെടുത്തതാണെന്നാണ് രേഖകളിൽനിന്ന് മനസ്സിലാക്കാൻ കഴിയുന്നത്. ആറു മാസം മുമ്പ് പാലക്കാട് വെച്ച് 30 കിലോ കഞ്ചാവുമായി ഷെഫിനെയും സംഘത്തെയും എക്സൈസ് പിടികൂടിയിരുന്നതായും റിമാൻഡിൽ കഴിഞ്ഞിരുന്ന ഇയാൾ അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയതെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതിക്കായി വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഖലാമുദ്ദീൻ, എക്സൈസ് ഉദ്യാഗസ്ഥരായ അനിൽകുമാർ, ജോൺ, എ. സലിം, ശശികുമാർ, ബിജുമോൻ, സിജിൻ, സുനിൽ കുമാർ, അഖിൽ, എസ്. ദിവ്യ എന്നിവരടങ്ങുന്ന സംഘമാണ് റെയ്ഡിൽ പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.