കൊട്ടിയം: വാഹന വിൽപനശാലയുടെ പെയിന്റിങ് ബൂത്തിൽ തീപിടിത്തം, കുടുങ്ങിപ്പോയ ജീവനക്കാരെ അഗ്നിരക്ഷ സേന രക്ഷപ്പെടുത്തി. കൊട്ടിയം പറക്കുളത്താണ് സംഭവം. തീയണക്കാൻ ശ്രമം നടത്തുന്നതിനിടെ കെട്ടിടത്തിൽ കുടുങ്ങിപ്പോയ രണ്ട് ജീവനക്കാരെയാണ് അഗ്നിരക്ഷാസേന രക്ഷപ്പെടുത്തിയത്. കൊട്ടിയം പറക്കുളം പട്ടരുമുക്കിലെ പോപ്പുലർ ഹുണ്ടായി കാർ സർവീസ് സെന്ററിലാണ് തീപിടുത്തം ഉണ്ടായത്.
ബുധനാഴ്ച വൈകീട്ട് മൂന്നോടെ കെട്ടിടത്തിന്റെ പിറകുവശത്തെ പെയിന്റിങ് ബൂത്തിലാണ് ആദ്യം അഗ്നിബാധ ഉണ്ടായത്. തീ അണക്കുന്നതിന് വേണ്ടി രണ്ട് ജോലിക്കാർ മുകളിലത്തെ നിലയിൽ കയറിയെങ്കിലും അവർ കുടുങ്ങി. കൊല്ലത്തുനിന്ന് നാല് അഗ്നിരക്ഷസേന യൂനിറ്റ് എത്തിയാണ് തീ അണച്ചത്. കെട്ടിടത്തിന്റെ മുകളിൽ കുടുങ്ങിപ്പോയ ജോലിക്കാരെ അഏണി ഉപയോഗിച്ച് താഴെ ഇറക്കി. ഏകദേശം 65 ജോലിക്കാരുള്ള സ്ഥാപനത്തിൽ ആർക്കും പരിക്കില്ല.
കൊട്ടിയത്ത് നിന്ന് പൊലീസും സ്ഥലത്തെത്തിയിരുന്നു. നാലരയോടെ തീ നിയന്ത്രണ വിധേയമാക്കി. ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. വൈദ്യുതി ബോർഡ് ജീവനക്കാരും സ്ഥലത്ത് പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.