കൊട്ടിയം: വിലവർധന തടയുന്നതിന് Civil Supplies Department നേതൃത്വത്തിൽ പൊതുവിപണിയിൽ പരിശോധന തുടങ്ങി. ഇതോടൊപ്പം റേഷൻ കടകളിലും പരിശോധന നടത്തുന്നുണ്ട്. വിലനിലവാരം പ്രദർശിപ്പിക്കാത്തതിന് മുഖത്തലയിൽ രണ്ട് പച്ചക്കറി കടകൾക്കെതിരെ കേസെടുത്തു. കണ്ണനല്ലൂരിൽ ഒരു കട ഉടമയെ താക്കീത് ചെയ്തു. കലക്ടർക്കും താലൂക്ക് സപ്ലൈ ഓഫിസർക്കും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കണ്ണനല്ലൂരിൽ പരിശോധന നടത്തിയത്.
തമിഴ്നാട്ടിൽനിന്ന് പച്ചക്കറി എത്തിച്ച് ഡിസ്കൗണ്ട് വിലയ്ക്ക് വിൽപന നടത്തുന്ന പച്ചക്കറിക്കടക്കാണ് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് വിലനിലവാര ബോർഡ് സ്ഥാപിക്കാമെന്ന സ്ഥാപന ഉടമയുടെ ഉറപ്പിൻമേൽ താക്കീത് നൽകിയത്. ഉദ്യോഗസ്ഥർ പരിശോധനക്കെത്തുമ്പോൾ നിരവധിപേർ ഇവിടെ പച്ചക്കറി വാങ്ങാനുണ്ടായിരുന്നു.
കൊല്ലം താലൂക്ക് സപ്ലൈ ഓഫിസർ ഗോപകുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധനകൾ നടത്തിയത്. കൊല്ലം ടൗൺ, കിളികൊല്ലൂർ എന്നിവിടങ്ങളിലെ റേഷൻ കടകളിൽ നടത്തിയ പരിശോധനയിൽ അഞ്ച് കടകൾക്കെതിരെ നടപടി സ്വീകരിച്ചു.
അതത് മാസങ്ങളിൽ കാർഡുകാർക്ക് ലഭിക്കുന്ന റേഷന്റെ അളവ് പ്രദർശിപ്പിക്കാതിരിക്കുക, ഇലക്ട്രിക് ത്രാസ് ഉപഭോക്താക്കൾക്ക് കാണാത്ത രീതിയിൽ വെക്കുക, ഉദ്യോഗസ്ഥരുടെ നമ്പറുകൾ പ്രദർശിപ്പിക്കാതിരിക്കുക എന്നീ കുറ്റങ്ങൾക്കാണ് റേഷൻ കടകൾക്കെതിരെ കേസെടുത്തത്.
വരുംദിവസങ്ങളിലും പരിശോധന തുടരും. റേഷനിങ് ഇൻസ്പെക്ടർമാരായ ഉല്ലാസ്, രജനി ദേവി, പ്രശാന്തി, രാജി എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.