കൊട്ടിയം: തൃക്കോവിൽവട്ടം പഞ്ചായത്തിലെ കുറുമണ്ണ, വെറ്റിലതാഴം വാർഡുകളിൽ കഴിഞ്ഞ ദിവസത്തെ മഴയിൽ വെള്ളം കയറിയ നിരവധി വീടുകൾ ഇപ്പോഴും അതേനിലയിൽ തുടരുന്നു. കുറുമണ്ണ വാർഡിൽ ചരുവിള വീട്ടിൽ കാസിം ബീവി, ചരുവിള പുത്തൻവീട്ടിൽ ലത, ജസ്ന മൻസിലിൽ സബീന, ഒറ്റപ്ലാവിള വീട്ടിൽ ജമീല ബീവി, വിനീത് ഭവനിൽ മുരളീധരൻ ആചാരി, പുത്തൻ വയലിൽ വീട്ടിൽ വിവേക്, തേജസ്സ് ഭവനിൽ മേബിൾ, മീനു ഭവനിൽ സിന്ധു, മിഥുൻ ഭവനിൽ മണിയൻ, അനശ്വരത്തിൽ രാജേന്ദ്രൻ, മനു ഭവനിൽ ബീന, പുത്തൻവീട്ടിൽ ഓമന, പ്രസാദ് ഭവനിൽ ശിവരാജൻ തുടങ്ങിയവരുടെ വീടുകളാണ് വെള്ളത്തിലായത്.
ഇതിൽ നാലുപേർ കിടപ്പു രോഗികളാണ്. ഭിത്തി പൊളിഞ്ഞ ഭാഗങ്ങളിൽ കൂടി കണിയാൻ തോട്ടിൽ നിന്നു വലിയ രീതിയിൽ വെള്ളം കയറിയതാണ് വീടുകളിലേക്ക് കൂടുതൽ വെള്ളമെത്താൻ കാരണം.
കണിയാൻ തോട് ഭാഗത്തുനിന്നും 500 മീറ്ററോളം അകലെ തോട്ടിൽ കുളവാഴ വലിയ രീതിയിൽ പിടിച്ചു കിടക്കുന്നതും വെള്ളം ഒഴുകുന്നതിന് തടസ്സമുണ്ടാകുന്നു. ഇറിഗേഷൻ വകുപ്പ് കണിയാൻ തോട് സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങളൊന്നും ചെയ്യുന്നില്ല. ഇതു പ്രദേശവാസികളിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
മുഖത്തല ബ്ലോക്ക് പഞ്ചായത്ത് ക്ഷേമസമിതി അധ്യക്ഷൻ എം. സജീവ്, ആശ പ്രവർത്തക ബിന്ദു, ശ്രീജിത്ത് സുദർശൻ എന്നിവരുടെ നേതൃത്വത്തിൽ വെള്ളക്കെട്ടുള്ള പ്രദേശങ്ങൾ സന്ദർശിച്ചു. ദുരിതമനുഭവിക്കുന്നവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റണമെന്ന് ഇവർ ആവശ്യപ്പെട്ടു. രണ്ടു വീട്ടുകാർ ബന്ധുവീടുകളിലേക്ക് ഇതിനകം മാറിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.