കൊട്ടിയം: മുക്കുപണ്ടം പണയംവെച്ച് രണ്ടു ബാങ്കുകളിൽനിന്നായി ലക്ഷങ്ങൾ കബളിപ്പിച്ച യുവതി പിടിയിൽ. കൊട്ടിയം പുല്ലിച്ചിറ സിംല മൻസിലിൽ സുൽഫിയുടെ ഭാര്യ ശ്രുതി (30) ആണ് പിടിയിലായത്.
കേരള ഗ്രാമീണ ബാങ്ക് കൊട്ടിയം ശാഖയിൽനിന്ന് 4,32,000 രൂപയും ഉമയനല്ലൂർ സർവിസ് കോഓപറേറ്റിവ് ബാങ്ക് പുല്ലിച്ചിറ ശാഖയിൽനിന്ന് 449593 രൂപയും കബളിപ്പിച്ച കേസിലാണ് അറസ്റ്റ്. 2020 സെപ്റ്റംബർ മുതൽ വിവിധ തവണകളായി മുക്കുപണ്ടങ്ങൾ പണയം വെച്ചാണ് യുവതി തട്ടിപ്പ് നടത്തിയത്.
തട്ടിപ്പ് നടത്താൻ യുവതിയെ സഹായിച്ചവർക്കെതിരെയും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. 2022 നവംബർ 26ന് കേരള ഗ്രാമീണ ബാങ്ക് മാനേജരുടെ പരാതിയിൽ കൊട്ടിയം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഡിസംബർ 21ന് പുല്ലിച്ചിറ സർവിസ് കോഓപറേറ്റിവ് ബാങ്കിലും സമാനരീതിയിൽ തട്ടിപ്പ് നടത്തിയെന്ന് ബോധ്യമായി.
ബാങ്ക് മാനേജറുടെ പരാതിയിൽ രണ്ടാമത്തെ കേസും രജിസ്റ്റർ ചെയ്തു. ഒളിവിലായിരുന്ന പ്രതി വീട്ടിൽ വന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കൊട്ടിയം പൊലീസ് പിടികൂടുകയായിരുന്നു. സമാനരീതിയിൽ മറ്റു സ്ഥലങ്ങളിലും തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്.
ചാത്തന്നൂർ എ.സി.പി ബി. ഗോപകുമാറിന്റെ നേതൃത്വത്തിൽ കൊട്ടിയം സബ് ഇൻസ്പെക്ടർമാരായ സുജിത്ത് പി. നായർ, റെനോക്സ്, ഷാരുണ ജയ്ലാനി, സി.പി.ഒ വിശാൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.