കൊട്ടിയം: നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട സ്ഥിരം കുറ്റവാളിയെ കാപ്പ നിയമപ്രകാരം ആറു മാസത്തേക്ക് കരുതൽതടവിലാക്കി. 2020 മുതൽ കൊല്ലം സിറ്റി പരിധിയിലെ കൊട്ടിയം, ഇരവിപുരം പൊലീസ് സ്റ്റേഷനുകളിലായി അഞ്ചു ക്രിമിനൽ കേസുകളിൽ പ്രതിയായ മയ്യനാട്, തെക്കുംകര, പണ്ടാലയിൽ തെക്കതിൽ വീട്ടിൽ ‘സാത്താൻ സന്തോഷ്’ എന്ന സന്തോഷിനെ (36) ആണ് അറസ്റ്റ് ചെയ്തത്.
കൊലപാതകം, പട്ടികജാതി-പട്ടികവർഗ വിഭാഗത്തിനെതിരായ അതിക്രമം, നരഹത്യ, കവർച്ച, കൈയേറ്റം, നരഹത്യശ്രമം, ആക്രമണം തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയത്. ഭൂരിഭാഗം കേസുകളിലും ക്രൂരമായി ഉപദ്രവിക്കുന്ന രീതിയാണ് ഇയാൾക്കുള്ളത്. സിറ്റി പൊലീസ് കമീഷണർ മെറിൻ ജോസഫ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കലക്ടർ എൻ. ദേവിദാസാണ് കരുതൽ തടങ്കലിന് ഉത്തരവായത്.
സന്തോഷിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്കു മാറ്റി. കൊട്ടിയം ഇൻസ്പെക്ടർ വിനോദിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സ്ഥിരം കുറ്റവാളികൾക്കെതിരെ കാപ്പ നിയമം ചുമത്തി നടപടികൾ സ്വീകരിക്കുന്നതിനായി സിറ്റി പൊലീസ് കമീഷണറുടെ മേൽനോട്ടത്തിൽ പ്രവർത്തിച്ചുവരുന്ന കാപ്പ സെല്ലിന്റെ പ്രവർത്തനഫലമായി ഈ വർഷം 41 കുറ്റവാളികളെ കരുതൽ തടങ്കലിലാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.