കൊട്ടിയം: കൊട്ടിയം തഴുത്തലയിലെ കോളനി കേന്ദ്രമാക്കി പ്രവർത്തിച്ച കഞ്ചാവ് വിൽപനസംഘത്തെ ഡാൻസാഫ് ടീമും കൊട്ടിയം പൊലീസും ചേർന്ന് പിടികൂടി. ഇരുപതര കിലോയിലധികം കഞ്ചാവും പിടിെച്ചടുത്തു. ഒഡിഷ, വിശാഖപട്ടണം എന്നിവിടങ്ങളിൽനിന്ന് കഞ്ചാവെത്തിച്ച് വിൽപന നടത്തുന്ന ആറംഗസംഘമാണ് പിടിയിലായത്.
കൊട്ടിയം തഴുത്തല വി.എസ് ഭവനിൽ അനൂപ്, തഴുത്തല മിനി കോളനിയിൽ രാജേഷ്, രതീഷ്, അജ്മീർ ഖാൻ, കുറുമണ്ണ രാജഭവനിൽ അഭിരാജ്, മിനി കോളനിയിൽ ജോൺസൺ എന്ന മാനുവൽ എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച പുലർച്ച മൂന്നോടെ കൊല്ലം സിറ്റി പൊലീസ് കമീഷണർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് വിശാഖപട്ടണത്തുനിന്ന് സേലം വഴി തെങ്കാശിയിൽ എത്തിയ ഇവർ ബൈക്കിലും ബസിലുമായി കൊട്ടിയത്തേക്ക് വരുന്നതായി വിവരം ലഭിച്ചത്.
തുടർന്ന് കൊട്ടിയം പൊലീസും ഡാൻസാഫ് ടീമും ചേർന്ന് തഴുത്തല മിനി കോളനിയിൽ മാനുവൽ എന്ന ജോൺസന്റെ വർക്ഷോപ്പിൽ തിരച്ചിൽ നടത്തി. ആദ്യം പ്രതികൾ പൊലീസിനെ ചെറുക്കാൻ നോക്കിയെങ്കിലും ഇവരെ കീഴ്പ്പെടുത്തിയശേഷം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഉത്സവസീസണിലെ കച്ചവടത്തിനായാണ് കഞ്ചാവ് കൊണ്ടുവന്നത്. ഇവർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കഞ്ചാവ് എത്തിക്കുന്ന സംഘമാണെന്നാണ് വിവരം.
ഡാൻസാഫ് ടീമിനുപുറമെ കൊട്ടിയം എസ്.എച്ച്.ഒ ധർമജിത്ത്, എസ്.ഐ നിതിൻ നളൻ, എ.എസ്.ഐ ഫിറോസ് ഖാൻ, സുരേന്ദ്രൻ, സി.പി.ഒമാരായ രമ്യ, ജാസിം തുടങ്ങിയവരും സംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.