കൊട്ടിയം: നെടുമ്പന പഞ്ചായത്തിലെ മുട്ടയ്ക്കാവിൽ കെ.എസ്.ഇ.ബിയുടെ ട്രാൻസ്ഫോമറിന് സമീപം സ്ഥാപിച്ച ഫ്യൂസുകൾ ഊരിയയാളെ കണ്ണനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. വൈദ്യുതി ചാർജ് അടക്കാത്തതിന്റെ പേരിൽ ഇയാളുടെ വീട്ടിലെ ഫ്യൂസുകൾ ഇലക്ട്രിസിറ്റി ബോർഡ് അധികൃതർ ഊരിപ്പോയതാണ് പ്രകോപന കാരണമെന്ന് പൊലീസ് പറഞ്ഞു.
കണ്ണനല്ലൂർ മുട്ടക്കാവ് ഒറ്റിലഴികം വീട്ടിൽ അലി അക്ബർ(44) ആണ് പിടിയിലായത്. ഇക്കഴിഞ്ഞ 14ന് അലി അക്ബറിന്റെ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. തുടർന്ന് അലി അക്ബർ ഇരുമ്പ് കമ്പി വളച്ച് ലൈനിലേക്ക് എറിഞ്ഞ് പ്രദേശത്തെ വൈദ്യുതി ബന്ധം തടസ്സപ്പെടുത്തി.
പ്രദേശത്ത് വൈദ്യുതി ഇല്ലെന്ന് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ കെ.എസ്.ഇബി ജീവനക്കാരെ ഇയാൾ ആക്രമിക്കുകയും അവരുടെ വണ്ടിയുടെ താക്കോൽ ഊരിയെടുക്കുകയും ചെയ്തു. കെ.എസ്.ഇ.ബി ജീവനക്കാർ സ്ഥലത്തുനിന്ന് പോയ ശേഷമാണ് ഇയാൾ ട്രാൻസ്ഫോർമറിലെ ഫ്യൂസുകൾ ഊരിയത്. കണ്ണനല്ലൂർ ഇലക്ട്രിക്കൽ സെക്ഷൻ അധികൃതരുടെ പരാതി പ്രകാരം കേസെടുത്ത പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു.
പ്രതിക്കെതിരെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും, പൊതുമുതൽ നശിപ്പിച്ചതിനും, ജീവനക്കാരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിനും കേസെടുത്തു. പ്രതി അലി അക്ബർ വധശ്രമം ഉൾപ്പെടെ നിരവധി കേസിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കൊട്ടാരക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.