കൊട്ടിയം: മേവറം മുതൽ റെയിൽവേ സ്റ്റേഷൻ വരെയുള്ള റോഡ് വീതി കൂട്ടുന്നതിനുള്ള നടപടി കടലാസിലൊതുങ്ങിയതിനെ തുടർന്ന് റോഡ് കൈയേറിയുള്ള കച്ചവടങ്ങൾ അനുദിനം വർധിക്കുന്നു. മേഖലയിൽ ദിവസേന അപകടങ്ങൾ ഉണ്ടായിട്ടും അധികൃതർ കണ്ണുംപൂട്ടി ഇരിപ്പാണ്. കൊല്ലം ബൈപാസ് ദേശീയപാതയുടെ ഭാഗമായതോടെ അവഗണനയിലാണ് ഈറോഡ്.
തിരുവനന്തപുരത്തുനിന്ന് വരുന്നവർക്ക് കൊല്ലം നഗരത്തിൽ പ്രവേശിക്കാനുള്ള പ്രധാന നഗരറോഡാണിത്. തട്ടാമല മുതൽ പള്ളിമുക്ക് വരെ തട്ടുകടകൾ റോഡ് കൈയേറിയത് പൊതുമരാമത്ത് കോർപറേഷൻ അധികൃതർ കണ്ടമട്ടില്ല. പ്രധാന കോളജുകൾ, വ്യവസായസ്ഥാപനങ്ങൾ, പ്രാധാന്യമുള്ള ജങ്ഷനുകൾ എന്നിവയുടെ സമീപമുള്ള ഈ റോഡ് ആധുനിക രീതിയിൽ വികസിപ്പിക്കണമെന്ന ആവശ്യം ഉയർന്നിട്ട് നാളേെറയായി.
പണം അനുവദിച്ചിട്ടുണ്ടെന്നും സ്ഥലം ഏറ്റെടുക്കൽ ഉടൻ ആരംഭിക്കുമെന്നും അധികൃതർ ആവർത്തിക്കുകയാണ്. സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സി ദീർഘദൂര സൂപ്പർഫാസ്റ്റുകളുമടക്കം നിരവധി വാഹനങ്ങൾ കടന്നുപോകുന്ന ഇവിടെ ബസ് ബേ, കാത്തിരിപ്പ് കേന്ദ്രങ്ങൾ ഇല്ല.
മേവറം മുതൽ കാവനാട് വരെ റോഡിന്റെ പുനർനിർമാണത്തിന് ബജറ്റിൽ തുക വകയിരുത്തി വർഷങ്ങൾ കഴിഞ്ഞിട്ടും നടപടിയില്ല. റോഡിലെ പ്രധാന ജങ്ഷനുകളിൽ ഗതാഗതക്കുരുക്ക് ട്രാഫിക് പൊലീസിന്റെയോ വാർഡൻമാരുടെയോ സേവനവുമില്ല. പ്രധാന ജങ്ഷനുകളായ പള്ളിമുക്ക്, റെയിൽവേ സ്റ്റേഷൻ, മാടൻനട, പോളയത്തോട്, കോളജ് ജങ്ഷൻ, തട്ടാമല എന്നിവിടങ്ങളിൽ ട്രാഫിക് സംവിധാനമില്ലാത്തത് ഗതാഗതക്കുരുക്കിനും ഇടയാക്കുന്നു.
ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്കുള്ള പള്ളിമുക്കിലെ സിഗ്നൽ പ്രവർത്തനരഹിതമാണ്. കപ്പലണ്ടിമുക്കിൽ മാത്രമാണ് നിലവിൽ ട്രാഫിക് സംവിധാനമുള്ളത്. മാടൻനട മുതൽ പോളയത്തോട് വരെ റോഡിൽ നിറയെ കുഴികളുമാണ്. പോളയത്തോട് കച്ചേരിമുക്കിന് സമീപം റോഡിൽ കുഴിയടക്കാനിട്ട കോൺക്രീറ്റ് ഇളകിപ്പോയി അപകടഭീഷണിയിലാണ്. ഇവിടെയാണ് മാതാപിതാക്കൾക്കൊപ്പം നാലുചക്ര സ്കൂട്ടറിൽ വന്ന മൂന്നാംക്ലാസുകാരൻ സ്കൂട്ടറിൽനിന്ന് തെറിച്ച് ബസിനടിയിലേക്ക് വീണു മരിച്ചത്.
റോഡിന്റെ വീതി കൂട്ടുന്നതിനും പുനർനിർമാണത്തിനും അധികൃതർ എത്രയുംവേഗം നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.