കുളത്തുപ്പുഴ : തട്ടിപ്പ് കേസിലെ പ്രതിയുടെ വീട്ടിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന തുക പൊലീസ് തിരച്ചിലിൽ കണ്ടെത്തി. ടിംബർ ഡിപ്പോക്ക് സമീപം മൂലയിൽ വീട്ടിൽ സജിൻ ഷറഫുദ്ദീന്റെ വീട്ടിൽ നിന്നാണ് 15 ലക്ഷം രൂപകണ്ടെടുത്തത്. കഴിഞ്ഞ ദിവസം കുളത്തുപ്പുഴ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ അനീഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തെരച്ചിൽ നടത്തിയത്. സജിനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
തുടർന്ന് സജിന്റെ പിതാവിനെ പോലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തി വിവരങ്ങൾ ശേഖരിച്ചു. ബാങ്ക് അക്കൗണ്ടിലേക്ക് വിദേശത്ത് നിന്ന് അയച്ചു കിട്ടിയതാണ് പണമെന്നാണ് മൊഴി നല്‍കിയത്. അതേസമയം, വിദേശത്ത് ജോലി തരപ്പെടുത്താമെന്ന് പറഞ്ഞും വിസ വാഗ്ദാനം ചെയ്തും ഒട്ടേറെപ്പേരെ കബളിപ്പിച്ച സംഭവത്തില്‍ സജിന്‍ ഷറഫുദീന്റെ പേരില്‍ നിരവധി പൊലീസ് സ്റ്റേഷനുകളിലായി 17 ലധികം വഞ്ചന കേസുകള്‍ നിലവിലുണ്ട്.
തട്ടിപ്പിലൂടെ നേടിയ പണം വിദേശത്തേക്ക് കടത്തി നാട്ടിലെത്തിച്ചതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. ഒരു കോടിയോളം രൂപയുടെ ഇടപാടുകളാണ് ഈ അക്കൗണ്ടിലൂടെ നടത്തിയിട്ടുളളത്. അതിനാല്‍ എന്‍ഫോഴ്സ്മന്റ് വിഭാഗത്തിന് വിവരം കൈമാറുമെന്നും കണ്ടെത്തിയ പണം കോടതിയിൽ ഹാജരാക്കുമെന്നും കുളത്തൂപ്പുഴ സി. ഐ. അനീഷ് പറഞ്ഞു. സ്പെഷല്‍ ബ്രാഞ്ച് എ. എസ്. ഐ. ഹരികുമാര്‍, എസ്. ഐ. ഷാനവാസ്, ബൈജു എബ്രഹാം, സുബിന്, വിമല്‍, ജിഷ്ണു, അനീഷ്, അജിത എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പരിശോധന നടത്തിയത്..
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.