കുളത്തൂപ്പുഴ: ലക്ഷങ്ങള്‍ മുടക്കി ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് നിർമിച്ച സൗരോര്‍ജ വേലിയും പ്രയോജനപ്പെടുന്നില്ല. നാട്ടുകാര്‍ നോക്കിനില്‍ക്കെ വനത്തില്‍നിന്ന് കടന്നെത്തിയ കാട്ടാനകള്‍ വനപാതക്ക് സമാന്തരമായി സ്ഥാപിച്ച ഇരുമ്പുവേലിയും സൗരോർജ വേലിയും തകർത്തു. കഴിഞ്ഞ ദിവസം ഉച്ചക്ക് മൂന്നരയോടെ കുളത്തൂപ്പുഴ വില്ലുമല പാതയിലായിരുന്നു സംഭവം.
തൊട്ടടുത്ത തേക്ക് പ്ലാന്റേഷനില്‍ നിന്നുമെത്തിയ കാട്ടാനക്കൂട്ടം സാവധാനം അമ്പതേക്കര്‍ പാത മറികടന്ന് വനം വകുപ്പ് സെന്‍ട്രല്‍ നഴ്സറിയുടെ പരീക്ഷണ തോട്ടത്തിലേക്ക് കയറുകയായിരുന്നു. ഇരുമ്പുവേലി തകര്‍ത്ത് അകത്തേക്ക് കയറിയ കാട്ടാനകളിലൊന്ന് സൗരോര്‍ജവേലി കമ്പിയില്‍ തൊട്ടുനോക്കി വൈദ്യുതിയില്ലെന്ന് ഉറപ്പാക്കിയാണ് വേലി ചവിട്ടി ചായ്ച്ച് മറ്റു ആനകള്‍ക്ക് കടന്നുപോകാന്‍ വഴിയൊരുക്കിയത്. ഈ സമയം പാതയിലൂടെ എത്തിയ ഓട്ടോറിക്ഷ യാത്രികരും ബൈക്ക് യാത്രികരുമാണ് വിവരം വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നഴ്സറി പരീക്ഷണ തോട്ടത്തിന് ചുറ്റും സ്ഥാപിച്ച സൗരോർജവേലി പ്രവര്‍ത്തന ക്ഷമമല്ലാതെ വന്നതോടെ കാട്ടുമൃഗങ്ങള്‍ ജനവാസമേഖലയിലേക്ക് കടന്നെത്തുന്നത് പതിവാകുകയും നാട്ടുകാരുടെ പരാതി ശക്തമാവുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് വനം വകുപ്പ് പുതിയ സൗരോര്‍ജവേലി സ്ഥാപിച്ചത്. പ്രദേശവാസികളുടെ കാഴ്ചയില്‍ ലക്ഷങ്ങള്‍ മുടക്കിയ പുതിയ സൗരോര്‍ജവേലിയും അതൊരുക്കുന്ന സുരക്ഷിതത്വവും മുന്‍നിര്‍ത്തിയാണ് ആദിവാസി കോളനികളിലക്കടക്കമുള്ള വിദ്യാര്‍ഥികള്‍ ഉൾപ്പെടെ നൂറുകണക്കിനു പേര് വനപാതയിലൂടെ രാവും പകലും സഞ്ചരിക്കുന്നത്.
എന്നാല്‍, പുതിയ വേലി പേരിന് മാത്രമാണുള്ളതെന്നും യാതൊരു വിധത്തിലുമുള്ള സുരക്ഷയും ഇതുകൊണ്ട് ലഭിക്കുന്നില്ലെന്നുള്ളതും കഴിഞ്ഞ ദിവസത്തെ സംഭവത്തോടെ നാട്ടുകാര്‍ക്ക് ബോധ്യപ്പെട്ടു. സൗരോര്‍ജവേലി കൊണ്ട് ഉദ്ദേശിക്കുന്ന പ്രയോജനം ലഭിക്കുന്നില്ലെങ്കില്‍ ലക്ഷക്കണക്കിന് രൂപ മുടക്കുന്നത് ചെലവെഴുതാന് വേണ്ടി മാത്രമോ എന്ന ചോദ്യം നാട്ടുകാര്‍ക്കിടയില്‍ ഉയരുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.