കുളത്തൂപ്പുഴ: കിഴക്കൻ വനമേഖലയിൽ വ്യാപകമായി പൂവിട്ട മുളങ്കാടുകൾ കരിഞ്ഞുണങ്ങി നശിക്കുന്നു. അധികൃതരുടെ അനാസ്ഥ നിമിത്തം ഖജനാവിലേക്കെത്തേണ്ട കോടികളാണ് നഷ്ടമാകുന്നത്. തെന്മല, തിരുവനന്തപുരം വനം ഡിവിഷനുകളില്‍ ഉള്‍പ്പെട്ട കുളത്തൂപ്പുഴ വനമേഖലയിലെ നൂറുകണക്കിന് ഏക്കര്‍ സ്ഥലത്തെ പാകമായ മുളകളാണ് കാലാവധിയെത്തിയിട്ടും മുറിച്ചുനീക്കാതെ പൂവിട്ടതോടെ ഉണങ്ങി നശിക്കുന്നത്.
ആയുസ്സിൽ ഒരിക്കൽ മാത്രം പുഷ്പിക്കാറുള്ള മുളങ്കാടുകള്‍ പൂവിട്ടത് സംബന്ധിച്ച് മാസങ്ങള്‍ക്ക് മുമ്പ് ‘മാധ്യമം’ വാര്‍ത്ത നൽകിയിരുന്നു. പുൽവർഗത്തിലെ ഏറ്റവും വലിയ ചെടിയായ മുളകൾ ഒരു ഏകപുഷ്പിയാണ്. പുഷ്പിച്ചാൽ പിന്നെ അധികനാൾ ഇവക്ക് ആയുസ്സില്ല. പൂക്കുന്നതിന് മാസങ്ങള്‍ക്കുമുമ്പ് മൂലകാണ്ഡത്തിന്റെ പ്രവർത്തനം പൂർണമായി നിലക്കുന്നതിനാല്‍ ശേഷം പുതിയ മുളകൾ നാമ്പിടാറില്ല. പൂവിടുന്നതോടെ കരിഞ്ഞുണങ്ങി നശിക്കുകയും ചെയ്യും.
മീറ്ററുകളോളം നീളവും 150 കിലോവരെ ഭാരവും വരുന്ന ഓരോ മുളകളും യഥാസമയം മറിച്ച് ഉപയോഗിച്ചാല്‍ വനംവകുപ്പിന് ഏറെ വരുമാനം ലഭിക്കുന്നതാണ്. ആനകളുടെ ആവാസകേന്ദ്രമായ പ്രദേശത്ത് ഇവക്ക് തീറ്റയായി കൂടിയാണ് മുളം കാടുകൾ വ്യാപകമായി വനംവകുപ്പ് െവച്ചുപിടിപ്പിച്ചത്.
വിളഞ്ഞ് പാകമായ മുളകൾ മുറിച്ചുനീക്കിയെങ്കിൽ മാത്രമേ പുതിയ മുളകൾ നാമ്പിട്ടുകിളിർക്കുകയും വന്യമൃഗങ്ങൾക്ക് പ്രയോജനം ലഭിക്കുകയുമുള്ളൂ. ഇവ കരിഞ്ഞുണങ്ങി നശിക്കുന്നതിനുമുമ്പ് മുറിച്ചുനീക്കുന്നതിനുവേണ്ട യാതൊരു നടപടികളും വകുപ്പ് സ്വീകരിച്ചില്ലെന്നതാണ് വസ്തുത.
കരാര്‍ അടിസ്ഥാനത്തില്‍ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡിന് വേണ്ടിയായിരുന്നു വനംവകുപ്പ് മുളകള്‍ െവച്ചുപിടിപ്പിച്ചിരുന്നത്. വിദേശത്തുനിന്നുമുള്ള ന്യൂസ് പ്രിന്റ് ഇറക്കുമതി വർധിക്കുകയും തൊഴില്‍ പ്രശ്നങ്ങളില്‍ കമ്പനി പെടുകയും ചെയ്തതോടെ പുതിയ കരാര്‍ ഇനിയും വനംവകുപ്പിന് ലഭിച്ചിട്ടില്ലെന്നും അതിനാൽ മുളകൾ മുറിച്ച് മാറ്റാൻ കഴിഞ്ഞതുമിെല്ലന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.
കുട്ടയും വട്ടിയും ഫർണിച്ചറും നിർമിക്കുന്നതിനായൊക്കെ മുമ്പ് തദ്ദേശീയരായ ആദിവാസികളും മറ്റുള്ളവരും ഇവ ശേഖരിച്ചിരുന്നെങ്കിലും വനംവകുപ്പിന്റെ നടപടികൾ ഭയന്ന് ഇപ്പോഴാരും മുതിരാറില്ല.
പ്രകൃതിദത്തമായി ഗൃഹോപകരണങ്ങള്‍ക്ക് ആവശ്യക്കാര്‍ വര്‍ധിക്കുന്നതു കണക്കിലെടുത്ത് നടപടികള്‍ ലഘൂകരിച്ച് പ്രാദേശികമായി മുറിച്ച് ശേഖരിച്ച് പ്രാദേശികമായി വില്പന നടത്താന്‍ തയാറായാല്‍ സ്വദേശത്തുപോലും വിപണി കണ്ടെത്താന്‍ കഴിയുമെന്നിരിക്കെ അതിനും വകുപ്പ് മുതിരുന്നില്ല. രണ്ടുമൂന്നുവര്‍ഷമായി കിഴക്കന്‍ മലയോര മേഖലയിലെ കൂപ്പുകളില്‍ കരിഞ്ഞുണങ്ങി നശിക്കുന്ന മുളകള്‍ സര്‍ക്കാറിനോ നാട്ടുകാര്‍ക്കോ ഗുണമില്ലാതെ പാഴാവുകയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.