കുളത്തൂപ്പുഴ: കിഴക്കന്‍ മലയോരമേഖലയിലെ വില്ലേജ് രേഖകള്‍ കമ്പ്യൂട്ടര്വത്കരിച്ചപ്പോള് കൃത്യമായ വിവരങ്ങള്‍ അധികൃതർ നൽകാത്തതിനാൽ അമിതതുക ഈടാക്കുന്നതായി പരാതി. അധികൃതർ തോന്നുംപടി വിവരങ്ങള്‍ കമ്പ്യൂട്ടറുകളില്‍ രേഖപ്പെടുത്തിയത് പരിഹരിക്കാന്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും തയാറാകാതെവന്നതോടെ കരമടവിന്റെ പേരില്‍ സാധാരണക്കാരായ ജനങ്ങള്‍ വന്‍തുകകള്‍ അധികമായി അടക്കേണ്ടിവരുന്നെന്നാണ് പരാതി. വില്ലേജ് രേഖകള്‍ കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തിയത് കൃത്യമായാണോ, തുടര്‍ന്ന് നടത്തിയ സാമ്പത്തിക ഇടപാടുകള്‍ കമ്പ്യൂട്ടറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്ന വിവരങ്ങള്‍ പരിശോധിക്കുന്നതിനോ ആവശ്യമായ തിരുത്തലുകള്‍ വരുത്തി തെറ്റുകള്‍ പരിഹരിക്കുന്നതിനോ ബന്ധപ്പെട്ട ഓഫിസുകളിലെ ഉദ്യോഗസ്ഥര്‍ ഇനിയും തയാറാകാതെ വന്നതോടെ ഓണ്‍ലൈനായി കരമടക്കുന്ന പലര്‍ക്കും അധികം തുക അടക്കേണ്ട അവസ്ഥയാണ്.
കുളത്തൂപ്പുഴ പഞ്ചായത്തിലെ തിങ്കള്‍ക്കരിക്കം വില്ലേജുമായി ബന്ധപ്പെട്ടാണ് പരാതികളേറെയും. പലരുടെയും തണ്ടപ്പേരുകളില്‍ ഒരേ സർവേ നമ്പറിലുള്ള വസ്തുതന്നെ രണ്ടും മൂന്നും പ്രാവശ്യം അധികമായി ചേര്‍ത്തിട്ടുണ്ട്. ഇവക്കെല്ലാം കരവും കുടിശ്ശികയും കൂട്ടിയാണ് കമ്പ്യൂട്ടറില്‍ കാണിക്കുന്നത്.
കൂടാതെ കഴിഞ്ഞ സാമ്പത്തികവര്‍ഷം കരമടച്ചതും കമ്പ്യൂട്ടറില്‍ കൃത്യമായി ഉള്‍പ്പെടുത്തിയിട്ടില്ലാത്തതിനാല്‍ അവയും കുടിശ്ശികയും പലിശയുമായി അടക്കേണ്ടിയും വരുന്നുണ്ട്. പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ പദ്ധതി പ്രകാരം രേഖകള്‍ സമര്‍പ്പിക്കുന്നതിനായി കഴിഞ്ഞ സാമ്പത്തികവര്‍ഷം ഭൂരിഭാഗംപേരും ഓണ്‍ലൈനായാണ് കരമടച്ചത്. ഈ സാമ്പത്തികവര്‍ഷം വീണ്ടും അതേ കരം കുടിശ്ശികയായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ വിവരം അറിയാതെ ഓണ്‍ലൈനായി പണമടക്കുന്നവര്‍ക്ക് കഴിഞ്ഞവര്‍ഷത്തെ തുകയും പലിശയും ചേര്‍ത്ത് രണ്ടും മൂന്നും ഇരട്ടി തുകയാണ് അധികമായി അടക്കേണ്ടിവരുന്നത്. ഇത്തരത്തില്‍ വില്ലേജ് അധികൃതരുടെ അനാസ്ഥ മൂലം അധികമായി അടക്കുന്ന തുക തിരികെ ലഭ്യമാക്കാന്‍ വില്ലേജ് അധികൃതര്‍ തയാറാകുന്നില്ല.
മാത്രമല്ല, അതിനുവേണ്ട മാര്‍ഗ്ഗങ്ങളെ കുറിച്ച് വ്യക്തമാക്കാതെ പണമടച്ച ഓണ്‍ലൈന്‍ കേന്ദ്രങ്ങളെ പ്രതിക്കൂട്ടിലാക്കി വില്ലേജ് ജീവനക്കാര്‍ മറുപടി നല്‍കുന്നത് പലപ്പോഴും തര്‍ക്കങ്ങള്‍ക്കും പരാതികള്‍ക്കും ഇടയാക്കുന്നു. ഇത്തരത്തില്‍ അധികമായി വസൂലാക്കുന്ന തുക ഓരോ മാസവും തങ്ങളുടെ വരവായി കാണിച്ച് കരം കൃത്യമായി പിരിച്ചെടുക്കുന്നതായി അധികൃതര്‍ക്ക് റിപ്പോര്‍ട്ട് നല്കി ഉദ്യോഗസ്ഥര്‍ തടി രക്ഷിക്കുകയാണെന്ന ആക്ഷേപവുമുണ്ട്.
കൂടാതെ, അധികമായി അടച്ച തുക തിരികെ ലഭിക്കണമെങ്കില്‍ കരമടച്ച രസീതും തിരിച്ചറിയല്‍ രേഖകളും അടക്കം താലൂക്ക് തഹസില്‍ദാര്‍ക്ക് നേരിട്ട് അപേക്ഷ നല്‍കണമെന്ന നിര്‍ദേശമാണ് ലഭിക്കുന്നത്. അമ്പതുരൂപയില്‍ താഴെ കരമടക്കേണ്ടിടത്ത് രണ്ടിരട്ടി തുക വസൂലാക്കിയ ശേഷം അധികതുക മടക്കിക്കിട്ടുന്നതിന് കിലോമീറ്ററുകള്‍ അകലെ പുനലൂരിലുള്ള താലൂക്ക് ഓഫിസിലെത്തി അപേക്ഷ നല്‍കണമെന്ന ആവശ്യം ദലിതരും കൂലിവേലക്കാരുമായ സാധാരണക്കാര്‍ക്ക് അധിക ബാധ്യതയുണ്ടാക്കുകയാണ്.
അതിനാല്‍തന്നെ റീഫണ്ടിനുള്ള അപേക്ഷ അതത് വില്ലേജ് ഓഫിസുകളില്‍തന്നെ സ്വീകരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്. ഇതുസംബന്ധിച്ച് അടുത്തദിവസം റവന്യൂമന്ത്രി അടക്കമുള്ള വകുപ്പ് ഉന്നതര്‍ക്ക് പരാതി നല്‍കുമെന്ന് നാട്ടുകാര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.