ടൂറിസ്റ്റ് ബസ് മോഷണം പോയതായി പരാതി; ഒടുവില്‍ പരാതിക്കാരനെതിരെ കേസെടുത്ത് പൊലീസ്

കുളത്തൂപ്പുഴ: വിഷു ആഘോഷങ്ങള്‍ക്കിടെ കുളത്തൂപ്പുഴയില്‍ നിന്ന് ടൂറിസ്റ്റ് ബസ് മോഷണം പോയതായി പരാതി നൽകി തങ്ങളെ കബളിപ്പിച്ചതിന് ബസ് ഉടമക്കെതിരെ കേസ് എടുത്ത് പൊലീസ്. കുളത്തൂപ്പുഴ സ്വദേശിയുടെ പരാതിയിൽ നടത്തിയ തിരച്ചിലിനൊടുവില്‍ ബസ് കണ്ടെത്തുകയും കേസിന്‍റെ പിന്നാമ്പുറ കഥ വെളിച്ചത്താവുകയും ചെയ്തതോടെയാണ് പരാതിക്കാരനെതിരെ തന്നെ പൊലീസ് നടപടിയെടുത്തത്.

കുളത്തൂപ്പുഴ സ്വദേശിയായ സുഭാഷ് കുമാര്‍ തന്‍റെ ഉടമസ്ഥതയിലുള്ള ടൂറിസ്റ്റ് ബസ് വിഷു ദിനത്തില്‍ മോഷണം പോയതായി കാട്ടിയാണ് കുളത്തൂപ്പുഴ പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് നടത്തിയ തിരച്ചിലില്‍ കഴിഞ്ഞദിവസം കരവാളൂരിനുസമീപം മാത്രയില്‍ നിന്ന് ബസ് കണ്ടെത്തി സ്റ്റേഷനിലെത്തിച്ചു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ പ്രദേശവാസിയായ യുവാവില്‍ നിന്നും ബസുടമ കടം വാങ്ങിയ തുക കാലാവധി കഴിഞ്ഞിട്ടും മടക്കി നല്‍കാത്തതിന്‍റെ ഭാഗമായി ബസ് പിടിച്ചിട്ടതാണെന്ന് വ്യക്തമായി.

പ്രദേശത്തേക്ക് ഓട്ടം എത്തിയ ബസ് യുവാവും സംഘവും തടയുകയും ജീവനക്കാര്‍ ബസ് അവിടെയിട്ട് മടങ്ങുകയുമായിരുന്നു. ബസ്സുടമ സ്ഥലത്തെത്തി യുവാക്കളുമായി സംസാരിച്ച്, ദിവസങ്ങള്‍ക്കുള്ളില്‍ പണം മടക്കി നല്‍കാമെന്ന് ഉറപ്പ് നല്‍കി മടങ്ങി. തുടർന്നാണ് ബസ് മോഷണം പോയെന്ന് പൊലീസില്‍ പരാതി നല്‍കിയത്. നിജസ്ഥിതി മനസ്സിലാക്കിയതോടെയാണ് പൊലീസിനെ കബളിപ്പിച്ചതിന് പരാതിക്കാരനെതിരെ കേസെടുത്തതെന്ന്ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Tags:    
News Summary - fake complaint about stolen Tourist bus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.