കുളത്തൂപ്പുഴ: ഓണക്കാലവിപണി പ്രതീക്ഷിച്ച് കൃഷിയിറക്കിയ പ്രദേശത്തെ പൂക്കര്‍ഷകര്‍ക്ക് ഇക്കുറി മികച്ച വിളവ് കിട്ടിയെങ്കിലും വ്യാപാരികള്‍ പൂക്കളെടുക്കാന്‍ തയാറാകാത്തത് ആശങ്കയാകുന്നു. കിഴക്കന്‍ മേഖലയില്‍ ബ്ലോക്ക് പഞ്ചായത്തിന്റെയും കൃഷിഭവന്റെ സഹായത്തോടെ നിരവധിേപരാണ് ഇക്കുറി പഞ്ചായത്തില്‍ പൂക്കൃഷിയിറക്കിയത്. പാട്ടത്തിനെടുത്ത് ഭൂമിയിലടക്കം കനത്ത വെയിലിനെ അവഗണിച്ച് വെള്ളവും വളവും നല്കി പരിപാലിച്ചതോടെ മികച്ച വിളവും ലഭിച്ചു. മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള ചെണ്ടുമല്ലിയും ബന്ദിപൂവും നിറയെ പൂത്തുലഞ്ഞു നില്ക്കുന്ന കാഴ്ച ഏറെ പേരെ ആകര്‍ഷിക്കുന്നുമുണ്ട്.
അതേസമയം, പ്രദേശത്തെ പൂക്കച്ചവടക്കാര്‍ പ്രാദേശികമായി ലഭിക്കുന്ന പൂവ് എടുക്കാന്‍ തയ്യാറാകുന്നില്ലെന്നു മാത്രമല്ല വാങ്ങുന്നവര്‍ തന്നെ പൊതുമാര്ക്കറ്റിലുള്ള വിലയില്‍ നിന്ന് ഇരുപതും മുപ്പതും രൂപ കുറച്ച് മാത്രമേ കര്‍ഷകര്‍ക്ക് നല്‍കാനും തയ്യാറാകുന്നുള്ളൂവെന്നാണ് ഇവര്‍ പറയുന്നത്. അതിനാല്‍ തന്നെ മിനക്കേട് കൂലി പോലും ലഭിക്കാത്ത അവസ്ഥയാണെന്ന് കര്‍ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. ഓണക്കാലമായതിനാല്‍ പ്രാദേശിക ക്ലബ്ബുകളും വിദ്യാര്‍ഥികളും ഓഫീസുകളും മറ്റും അത്തപ്പൂക്കളം ഇടുന്നതിനായി പൂക്കള്‍ തേടിവരുന്നുണ്ടെന്നും ഇത്തരത്തില്‍ നടക്കുന്ന ചെറിയ വില്പനകള് മാത്രമാണ് ആശ്വാസമാകുന്നതെന്നും കര്‍ഷകര്‍ വെളിപ്പെടുത്തുന്നു.
വിളവിനനുസരിച്ച് വിപണി ലഭിക്കാതെ വന്നതോടെ എങ്ങിനെ ഇവ വിറ്റഴിക്കാമെന്ന ആശങ്കയിലാണ് കര്‍ഷകര്‍ ഇതു സംബന്ധിച്ച് പൂക്കച്ചവടക്കാര്‍ പറയുന്നത് മറ്റൊന്നാണ്. സ്ഥിരമായി പൂകൃഷി ഇല്ലാത്തതിനാല്‍ പ്രാദേശികമായി ലഭിക്കുന്ന പൂക്കളുടെ ലഭ്യത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അവസാനിക്കുകയും തുടര്‍ന്ന് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും പൂക്കൾ എത്തിക്കുന്ന വ്യാപാരികള്‍ തങ്ങള്‍ക്ക് പൂവ് തരാതിരിക്കാനുളള സാധ്യത ഏറെയാണെന്നതുമാണ് വ്യാപാരികളെയും പ്രതിസന്ധിയിലാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.