കുളത്തൂപ്പുഴ: പശ്ചിമഘട്ട മലനിരകളില്‍ മാത്രം കണ്ടുവരുന്നതും വംശനാശ ഭീഷണി നേരിടുന്ന ആരോഗ്യപച്ച എന്ന ഔഷധ സസ്യത്തെ സംരക്ഷിക്കാന്‍ വനം വകുപ്പ് കുളത്തൂപ്പുഴയില്‍ പദ്ധതി ഒരുക്കുന്നു. ആദിമ കാലം മുതല്‍ തന്നെ ഗോത്രവിഭാഗക്കാര്‍ പരമ്പരാഗത ചികിത്സക്ക് ഉപയോഗിച്ചിരുന്ന ആരോഗ്യപച്ച കരള്‍ സംരക്ഷണത്തിനും ഹൃദ്രോഗങ്ങള്‍ക്കും ഏറെ ഗുണകരമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഋഷിഭോജ്യം, തിക്തം എന്നിങ്ങനെയുള്ള സംസ്കൃത പേരുകളില്‍ അറിയപ്പെടുന്ന ഇവയെ ചാത്തന്കളഞ്ഞി എന്ന പേരില്‍ ആദിവാസി വിഭാഗമാണ് പുറംനാടിനു പരിചയപ്പെടുത്തിയത്.
ഏറെ ഔഷധ ഗുണങ്ങളുള്ള ഇവ ആയൂര്‍വേദ ഔഷധരംഗത്ത് ഏറെ ഉപയോഗിച്ചു വരുന്നതു കൂടാതെ ആരോഗ്യപച്ച വികസിപ്പിച്ച് ജീവനി എന്ന ഔഷധകൂട്ടും വിപണിയിലുണ്ട്. നിലവില്‍ അഗസ്ത്യാര്‍കൂടം മലനിരകളില്‍ കണ്ടുവരുന്ന ഇവ ശേഖരിക്കാന്‍ ഇപ്പോള്‍ വനംവകുപ്പ് ആര്‍ക്കുംതന്നെ അനുമതി നല്‍കുന്നില്ല. വരും തലമുറക്കായി സംരക്ഷിച്ചു നിലനിര്‍ത്താനായി തിരുവനന്തപുരം വനം ഡിവിഷന്റെ അധീനതയില്‍ കുളത്തുപ്പുഴ ചോഴിയക്കോട് നാങ്കച്ചി വനമേഖലയിൽ ഉൾപ്പെട്ട കുടിക്കട മൃഗസംരക്ഷണ ക്യാമ്പ് ഷെഡിനോട് ചേർന്ന് ഒരു ഹെക്ടർ സ്ഥലത്ത് രണ്ടായിരത്തോളം ആരോഗ്യപച്ച തൈകളാണ് സംരക്ഷിച്ച് തയാറാക്കുന്നതെന്ന് കുളത്തുപ്പുഴ വനംറേഞ്ച് ഓഫിസർ അരുൺ രാജേന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.