കുളത്തൂപ്പുഴ: മലയോര ഹൈവേയില്‍ പാതക്കുകുറുകെ ചാടിയ കാട്ടുപന്നിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം തകര്‍ന്നു. കഴിഞ്ഞദിവസം പുലര്‍ച്ച മടത്തറ-കുളത്തൂപ്പുഴ പാതയില്‍ അരിപ്പ കൊച്ചുകലുങ്കിനുസമീപമായിരുന്നു അപകടം. വേഗത്തിലെത്തിയ വാഹനത്തിനുമുന്നിലേക്ക് പാതയുടെ ഇടതുവശത്തെ ജനവാസപ്രദേശത്തുനിന്ന് കാട്ടുപന്നി ഓടിയിറങ്ങുകയായിരുന്നു. ബ്രേക്ക് ചെയ്തെങ്കിലും കാറിന്റെ മുന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. തമിഴ്നാട് രജിസ്ട്രേഷനിലുള്ള ടാക്സി കാറാണ് അപകടത്തില്‍പെട്ടത്. ഇടിയുടെ ആഘാതത്തില്‍ വാഹനത്തിന്റെ റേഡിയേറ്റർ ഉൾപ്പെടെയുള്ള മുന്‍വശം തകർന്നു. ഇടികൊണ്ടുവീണ കാട്ടുപന്നി വനത്തിലേക്ക് ഓടിമറഞ്ഞതായി വാഹനത്തിലുണ്ടായിരുന്നവര്‍ പറഞ്ഞു.
സമീപത്തെ വനത്തില്‍നിന്ന് കാട്ടുമൃഗങ്ങള്‍ മലയോര ഹൈവേയിലേക്കിറങ്ങുന്നത് പതിവാണ്. ഏതാനും ദിവസം മുമ്പ് സമീപപ്രദേശത്ത് വാഹനമിടിച്ച് പാതക്ക് കുറുകെ ചാടിയ മ്ലാവ് ചത്തിരുന്നു. കാട്ടുപന്നിയുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികര്‍ക്ക് പരിക്കേറ്റ സംഭവങ്ങളും നിരവധിയാണ്. വനംവകുപ്പ് സ്ഥാപിച്ചിരുന്ന സൗരോര്‍ജവേലി കാടുംപടലും മൂടുകയും സംരക്ഷണമില്ലാതെ തകര്‍ന്നടിയുകയും ചെയ്തതോടെയാണ് കാട്ടുമൃഗങ്ങള്‍ രാപകലെന്യേ കാടിറങ്ങി ജനവാസമേഖലയിൽ കടക്കുന്നത്. ഇതുശ്രദ്ധിക്കാതെയെത്തുന്ന ചെറുവാഹനങ്ങളും ഇരുചക്രവാഹനയാത്രികരുമാണ് അപകടത്തില്‍പെടുന്നവരിലേറെയും. രാത്രിയിലും പുലര്‍ച്ചയും മലയോരഹൈവേയിലൂടെ യാത്രികര്‍ ഏറെ കരുതലോടെ വേണം യാത്ര ചെയ്യാനെന്ന് നാട്ടുകാര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.