കുളത്തൂപ്പുഴ: സ്വന്തമായി ഭൂമി ഉണ്ടെങ്കിലും കെട്ടിടം പണിയാന്‍ സര്‍ക്കാര്‍ അനുമതി കിട്ടാത്തതിനാല്‍ വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കേണ്ട ഗതികേടിലാണ് കുളത്തൂപ്പുഴ വൈദ്യുതി സെക്ഷന്‍ ഓഫിസ്. നിലവിൽ സുരക്ഷാഭീഷണി നേരിടുന്ന കെട്ടിടത്തിലെ കുടുസ്സുമുറികളില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസിലെ ജീവനക്കാരും ഇവിടേക്കെത്തുന്ന പൊതുജനവും ഭീതിയോടെയാണ് കഴിയുന്നത്.
വൈദ്യുതി വകുപ്പിന്റെ അധീനതയില്‍ കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് ഓഫിസിന് സമീപം പൊതുമരാമത്ത് ഗസ്റ്റ് ഹൗസ് കെട്ടിടത്തിനോട് ചേര്‍ന്ന് മലയോര ഹൈവേ ഓരത്തായി 1966ല്‍ അനുവദിച്ച 19 സെന്റ് ഭൂമി കാടുകയറി നശിക്കുകയാണ്.
എന്നാല്‍, പതിറ്റാണ്ടുകളായി വാടക്കെട്ടിടങ്ങളില് പ്രവര്‍ത്തിക്കുന്ന സെക്ഷന്‍ ഓഫിസിനു സ്വന്തമായി കെട്ടിടം നിര്‍മിക്കാന്‍ അധികൃതര്‍ക്ക് ഇനിയും അനുമതിയായിട്ടില്ല. ഭൂമി സ്വന്തമാണെന്നുകാട്ടി വൈദ്യുതി വകുപ്പ് ബോര്‍ഡ് സ്ഥാപിച്ച് ഷെഡ് നിര്‍മിച്ചെങ്കിലും റവന്യൂ വകുപ്പിന്റെ അനുമതി ലഭിക്കാത്തതിനാല്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമായി.
മുമ്പ് പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലായിരുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം വൈദ്യുതി വകുപ്പിന് സ്ഥാപിച്ച് കിട്ടാത്തതാണ് തടസ്സങ്ങള്‍ക്ക് ഇടയാക്കുന്നത്.
കൈമാറ്റത്തിനുള്ള ഭൂമിവില കെട്ടിവെക്കാന്‍ സര്‍ക്കാര്‍ അനുമതി ലഭിക്കാനാനുള്ള ഫയല്‍ ചുവപ്പുനാടയില്‍ കുടുങ്ങിയതാണ് ഇവിടെ കെട്ടിട നിര്‍മാണം വൈകാനിടയാകുന്നതെന്നാണ് അധികൃതർ പറയുന്നത്. സെക്ഷന്‍ ഓഫീസ് ഏതാനും വര്‍ഷങ്ങളായി പഞ്ചായത്തിന്റെ പഴയ അതിഥി മന്ദിരത്തില്‍ പ്രവര്‍ത്തിച്ചുവരികയാണ്.
എന്നാല്‍, കാലപ്പഴക്കത്താല്‍ കമ്പികള്‍ തുരുമ്പെടുത്ത് ദ്രവിച്ചും കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നുവീണും കെട്ടിടം സുരക്ഷാഭീഷണി നേരിടുന്നു. ശുചിമുറികളെല്ലാം തന്നെ തകര്‍ന്ന് ദുര്‍ഗന്ധം വമിക്കുന്നു. ഭിത്തികളിലൂടെ വെള്ളം ഒലിച്ചിറങ്ങുന്നതിനാല്‍ കമ്പ്യൂട്ടറുകള്‍ ശരിയായവണ്ണം സൂക്ഷിച്ച് പ്രവര്ത്തിപ്പിക്കാനുമാകുന്നില്ല. ഇവിടെയെത്തുന്ന പൊതുജനങ്ങള്‍ക്ക് നിന്നുതിരിയാന്‍ പോലും സ്ഥലമില്ലാത്തിടത്ത് 31 ജീവനക്കാരാണുള്ളത്. രാത്രി ജോലിനോക്കുന്നവര്‍ക്ക് വിശ്രമിക്കാന്‍ പോലും ഇടമില്ല.
വനിതാ ജീവനക്കാരുടെ കാര്യവും കഷ്ടത്തിലാണ്. സുരക്ഷാ ഭീഷണി നേരിടുന്ന അതിഥി മന്ദിരം പൊളിച്ചു പണിയാൻ പഞ്ചായത്ത് തീരുമാനിച്ചതോടെ സെക്ഷന്‍ ഓഫീസ് പ്രവര്‍ത്തിക്കാന്‍ പുതിയ വാടക കെട്ടിടം തേടുകയാണ് അധികൃതര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.