കുളത്തൂപ്പുഴ: ശ്രീലങ്കന്‍ അഭയാര്‍ഥികളായി റിഹാബിലിറ്റേഷന്‍ പ്ലാന്റേഷനിലെത്തിയ പിന്നാക്ക വിഭാഗക്കാര്‍ക്ക് ജാതിസര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ഓരോ തവണയും അഞ്ച് സാക്ഷികളുമായി വില്ലേജ് ഓഫിസിലെത്തണമെന്ന നിര്‍ദേശം വലയ്ക്കുന്നു.
എണ്‍പതുകളിലെ കലാപത്തെ തുടര്‍ന്ന് ശ്രീലങ്കയില്‍ നിന്ന് ഇന്ത്യന്‍ വംശജരായ തമിഴരെ അഭയാര്‍ഥികളായി പ്രദേശത്ത് പുനരധിവസിപ്പിക്കുന്ന വേളയില്‍ ഇവരുടെ മുന്ഗാമികള്ക്ക് അനുവദിച്ച രേഖകളില്‍ ജാതി ഏതെന്ന് രേഖപ്പെടുത്തിയിട്ടില്ലായിരുന്നു. കാലങ്ങളായി വില്ലേജ് ഓഫിസുകളില്‍ നിന്ന് ഇവര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കാറില്ലായിരുന്നു. പള്ളൻ, പുലയൻ, കുറവൻ, വേട്ടുവൻ എന്നിങ്ങനെ വിവിധ പിന്നോക്ക വിഭാഗക്കാരാണ് ആര്.പി.എല്‍ എസ്റ്റേറ്റില്‍ അധിവസിക്കുന്നത്.
ജനിച്ച കുലത്തിന്റെ ആചാരപ്രകാരം കാലങ്ങളായി ജീവിച്ചിട്ടും തങ്ങളുടേതല്ലാത്ത കാരണത്താല്‍ ജാതിസര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ ദുരിതവും പേറി കഴിയുകയായിരുന്നു. വിദ്യാര്‍ഥികള്‍ക്ക് പഠനാനുകൂല്യങ്ങള്‍ ലഭിക്കുന്നതിനോ ജോലി സംബന്ധിച്ച് സംവരണത്തിനും ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തത് ഏറെ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. 2015 കാലഘട്ടത്തില്‍ തൊഴിലാളികളുടെ നിരന്തര പരാതികളെ തുടര്‍ന്ന് സ്വജാതിയിലുള്ള പ്രദേശവാസികളായ അഞ്ചുപേരുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ ജാതി സര്‍ട്ടിഫിക്കറ്റ് അനുവദിക്കാൻ റവന്യൂ വകുപ്പ് അനുമതി നല്കി. പട്ടികജാതി വിഭാഗത്തിനു നല്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി മൂന്നു വര്‍ഷമാണ്.
എന്നാല്‍ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്നതിനും മറ്റും പുതിയ ജാതി സര്‍ട്ടിഫിക്കറ്റ് ആവശ്യമായി വരുന്ന സാഹചര്യത്തില്‍ മുമ്പ് അനുവദിച്ച സര്‍ട്ടിഫിക്കറ്റ് കൂടാതെ വീണ്ടും അഞ്ച് സാക്ഷികളുടെ സാക്ഷ്യപത്രം നേരിട്ടെത്തി സമര്‍പ്പിക്കണമെന്ന വില്ലേജ് അധികൃതരുടെ നിര്‍ദേശമാണ് തൊഴിലാളികളെ വലക്കുന്നത്. അയല്‍വാസിക്ക് സാക്ഷ്യപത്രം നല്കുന്നതിനു കൂലിപ്പണിക്കാരായ മറ്റു തൊഴിലാളികള്‍ ജോലി ഉപേക്ഷിച്ച് കിലോമീറ്ററുകള്‍ അകലെയുള്ള വില്ലേജ് ഓഫിസിലെത്തുക എന്നത് പ്രായോഗികമല്ലെന്നും ചിലരെങ്കിലും ഇത് ഒരു വരുമാന മാര്‍ഗമായി കാണുന്നതായും തൊഴിലാളികള്‍ ആരോപിക്കുന്നു.
നിലവില്‍ ഇ-ഗ്രാന്‍ഡ് പോലുളള സ്കോളര്‍ഷിപ്പുകള്‍ക്കും അഡ്മിഷനും മറ്റുമായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഓണ്‍ലൈനില്‍ ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് മാത്രമേ ഉപയോഗിക്കാന്‍ കഴിയുകയുള്ളൂവെന്നതിനാല്‍ സാക്ഷികളെ വില്ലേജ് ഓഫിസിലേക്ക് എത്തിക്കാന്‍ രക്ഷിതാക്കള്‍ നിര്‍ബന്ധിതരാകുന്നു. ഇത് പലപ്പോഴും സാമ്പത്തിക ബാധ്യതക്കും ഇടയാക്കുന്നുണ്ട്.
സ്വജാതിയില്‍പെട്ട അയല്‍വാസികളുടെ സാക്ഷ്യപത്രങ്ങളുടെ അടിസ്ഥാനത്തില്‍ ഒരിക്കല്‍ അനുവദിക്കപ്പെട്ട സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് തുടര്‍ന്നുള്ള അവസരങ്ങളില്‍ ജാതി സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ റവന്യൂ അധികൃതര്‍ തയാറാകണമെന്ന ആവശ്യം ശക്തമാണ്. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്കും റവന്യൂ, പട്ടിജാതി വികസന വകുപ്പ് മന്ത്രിമാര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കാനൊരുങ്ങുകയാണ് ആര്.പി.എല്ലിലെ തൊഴിലാളി കുടുംബങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.