കുളത്തൂപ്പുഴ: ന്യൂനമര്‍ദത്തെ തുടര്‍ന്നുണ്ടായ ശക്തമായ കാറ്റിലും മഴയിലും കിഴക്കന്‍ മലയോരമേഖലയിലെ വൈദ്യുതി ലൈനുകളിൽ പാതയോരങ്ങളില്‍ നിന്നിരുന്ന മരങ്ങള്‍ കടപുഴകിയും ചില്ലകള്‍ അടര്‍ന്നുവീണും തകരാര്‍ നേരിട്ടതിനെ തുടര്‍ന്ന് തടസ്സപ്പെട്ട ആദിവാസി കോളനികളിലേക്കുള്ള വൈദ്യുതി ബന്ധം കഴിഞ്ഞദിവസവും പുനഃസ്ഥാപിക്കാനായില്ല; രണ്ടുദിവസമായി ആദിവാസി കോളനികള്‍ ഇരുട്ടില്‍. കാട്ടുമൃഗങ്ങളുടെ നിരന്തര ശല്യം തുടരുന്ന കിഴക്കന്വനമേഖലയില് വന്യമൃഗ സംരക്ഷണ കേന്ദ്രത്തോട് ചേര്‍ന്നുള്ള പെരുവഴിക്കാല, രണ്ടാം മൈല്‍, കുളമ്പി, വട്ടക്കരിക്കം തുടങ്ങിയ ആദിവാസികോളനികളിലും വനത്താല്‍ ചുറ്റപ്പെട്ട ആമക്കുളം ജനവാസമേഖലയിലുമാണ് വൈദ്യുതി ബന്ധം തടസ്സപ്പെട്ടിരിക്കുന്നത്.
പ്രദേശത്തേക്ക് വൈദ്യുതി എത്തുന്ന ലൈനിനുമുകളിലേക്ക് കഴിഞ്ഞ ഞായറാഴ്ച രാത്രിയിലാണ് വനത്തിറമ്പില്‍ നിന്നിരുന്ന മരത്തിന്റെ ശിഖരം അടര്‍ന്നുവീണത്. വൈദ്യുതി തൂണുകള്‍ ഒടിഞ്ഞതിനെതുടര്ന്ന് തടസ്സപ്പെട്ട വൈദ്യുതി ബന്ധം രണ്ടുദിവസമായിട്ടും പുനഃസ്ഥാപിക്കാനാവാത്തതാണ് കോളനി പ്രദേശം ഇരുട്ടിലാവുന്നതിനിടയാക്കിയത്.
അതേസമയം, തകരാറിലായ ലൈനുകൾ ശരിയാക്കി വൈദ്യുതിവകുപ്പ് ജീവനക്കാര്‍ രാപകൽ ശ്രമപ്പെട്ടാണ് കുളത്തൂപ്പുഴ ടൗണിലടക്കം വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചതെന്നും ഇതിനിടെ ഉള്‍പ്രദേശങ്ങളിലേക്കുള്ള ലൈനുകള്‍ തകരാറുകള്‍ പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്തി മാത്രേമ ചാര്‍ജ് ചെയ്യാന്‍ കഴിയൂ എന്നതിനാലാണ് ആദിവാസികോളനികളിലേക്ക് വൈദ്യുതി എത്താതിരുന്നതെന്നും അടുത്തദിവസം രാവിലെതന്നെ തകരാറുകള്‍ പരിഹരിച്ച് വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനാവുമെന്നും അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.