പ്രതീകാത്മക ചിത്രം

കാട്ടാനകളെ ഭയന്ന് വഴിനടക്കാനാവാതെ ആദിവാസി കോളനി നിവാസികള്‍

കുളത്തൂപ്പുഴ: കാട്ടാനകളെ ഭയന്ന് വഴിനടക്കാനാവാതെ ആദിവാസി കോളനി വാസികള്‍. മലയോര മേഖലയിലുള്‍പ്പെട്ട കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിന്‍റെ കിഴക്കന്‍ പ്രദേശത്തെ ആദിവാസി കോളനികളായ കുളമ്പി, പെരുവഴിക്കാല, രണ്ടാംമൈല്‍, വട്ടക്കരിക്കം തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള വനപാതയില്‍ ആനക്കൂട്ടം നിലയുറപ്പിച്ചതോടെ പകല്‍ സമയത്തുപോലും വഴിനടക്കാനാവാത്ത സ്ഥിതിയാണ്.

കുട്ടിയാനകളടക്കം 14ൽ അധികം ആനകളടങ്ങുന്ന സംഘത്തെ കഴിഞ്ഞ ദിവസങ്ങളില്‍ വനപാതയില്‍ പലയിടത്തും നാട്ടുകാര്‍ കണ്ടിരുന്നു. കുട്ടിയാനകളുള്ളതിനാൽ ശബ്ദമുണ്ടാക്കിയിട്ടും പാതയോരത്തുനിന്നും അകലേക്ക് മാറാന്‍ ആനക്കൂട്ടം തയാറാകുന്നില്ലത്രെ. ഓട്ടോക്ക് നേരെയും ഇരുചക്ര വാഹനങ്ങള്‍ക്കു നേരെയും പാഞ്ഞടുക്കാന്‍ ശ്രമമുണ്ടായതായും നാട്ടുകാര്‍ പറയുന്നു.

ആനക്കൂട്ടം നിലയുറപ്പിച്ചിരിക്കുന്നതിനാല്‍ കോളനി പ്രദേശത്ത് നിന്നും വിദ്യാര്‍ഥികളെ ടൗണിലുള്ള വിദ്യാലയത്തിലേക്ക് അയക്കാന്‍ പോലും പ്രദേശവാസികള്‍ മടിക്കുന്നു. രാത്രി യാത്രക്ക് നാട്ടുകാര്‍ പൂര്‍ണമായി ഭയപ്പെടുന്ന അവസ്ഥയിലാണ് നിലവില്‍. കോളനികളിലേക്കുള്ള വനപാതയില്‍ ആനക്കൂട്ടം നില്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ സന്ധ്യ മയങ്ങിയാല്‍ ഈ പ്രദേശത്തേക്ക് സവാരി പോകാന്‍ ടാക്സി വാഹനങ്ങളും തയാറാവുന്നില്ല.

ഇതുകാരണം മറ്റ് സ്ഥലങ്ങളില്‍ ജോലികഴിഞ്ഞ് മടങ്ങുന്ന പലരും കോളനികളിലേക്ക് എത്തിപ്പെടാനാവാതെ പാതിവഴിയില്‍ കുടുങ്ങുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം പുലര്‍ച്ചെ അമ്പതേക്കര്‍ പാതയില്‍ വില്ലുമല ട്രൈബല്‍ പ്രീമെട്രിക് ഹോസ്റ്റലിന് സമീപത്തെ പാലത്തിനടുത്തെത്തിയ കാട്ടാനക്കൂട്ടം ഏറെ നേരത്തിന് ശേഷമാണ് പാതയില്‍ നിന്നും സമീപത്തെ കാട്ടിലേക്ക് പിന്‍വാങ്ങിയത്. ഇതും നാട്ടുകാര്‍ക്കിടയില്‍ രാത്രിയാത്രയെക്കുറിച്ചുള്ള ഭീതി വർധിപ്പിച്ചിരിക്കുകയാണ്.

Tags:    
News Summary - tribal colony residents are unable to walk due to fear of wild elephants

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.