കുളത്തൂപ്പുഴ: പാട്ടത്തിനെടുത്ത കൃഷിഭൂമിയില്‍ നാളുകള്‍ നീണ്ട അധ്വാനത്തിനൊടുവില്‍ ഓണ വിപണി പ്രതീക്ഷിച്ച് കൃഷിയിറക്കി കാവലിരുന്ന കര്‍ഷകന്റെ പ്രതീക്ഷകളെ ഒന്നാകെ തകര്‍ത്തെറിഞ്ഞ് കാട്ടുപോത്തുകൾ. കടം വാങ്ങിയും പലിശക്കെടുത്തും ഇറക്കിയ വാഴ കൃഷി നാമാവശേഷമായി.
കുളത്തൂപ്പുഴ അമ്പതേക്കര്‍ തടത്തരികത്ത് വീട്ടില്‍ അന്‍വര്‍ ഷാന്‍ ആദിവാസി മേഖലയിലെ തരിശ്ശായികിടന്ന കൃഷിഭൂമി പാട്ടത്തിനെടുത്ത് ആഴ്ചകളോളം പണിയെടുത്ത് നിലമൊരുക്കിയാണ് നേന്ത്രവാഴ കൃഷിയിറക്കിയത്. വേനല്‍ കടുത്തതോടെ സമീപത്തെ കുളത്തില്‍നിന്ന് വെള്ളം തലച്ചുമടായി കൊണ്ടു വന്നാണ് വാഴകളെ സംരക്ഷിച്ചിരുന്നത്.
കാട്ടു മൃഗങ്ങള്‍ കൃഷിയിടത്തിലേക്ക് ഇറങ്ങാതിരിക്കാന്‍ ചുറ്റും സൗരോർജ വേലി സ്ഥാപിച്ചിരുന്നെങ്കിലും കഴിഞ്ഞ രാത്രിയില്‍ ഇവ തകര്‍ത്ത് കാട്ടുപോത്തുകൾ കൃഷി നശിപ്പിക്കുകയായിരുന്നു. കാവല്‍പുരയില്‍ ആളുണ്ടായിരുന്നെങ്കിലും കാട്ടുപോത്തുകളാണെന്ന് തിരിച്ചറിഞ്ഞതോടെ പുറത്തിറങ്ങാതെ രാത്രി മുഴുവന്‍ കഴിച്ചുകൂട്ടുകയായിരുന്നു.
നേരം പുലര്‍ന്ന ശേഷമാണ് കാട്ടുപോത്തുകള്‍ വനത്തിലേക്ക് മടങ്ങിയത്. അപ്പോഴേക്കും മൂന്നു മാസത്തിലധികം പ്രായമായ മുന്നൂറ്റമ്പതോളം നേന്ത്രവാഴകള്‍ തിന്നും ചവിട്ടിയും നശിപ്പിച്ചിരുന്നു. പകുതിയിലധികം വാഴകളും നശിച്ചതോടെ തന്റെ കടം വീട്ടാനുള്ള തുക പോലും വിളയില്‍നിന്ന് ലഭിക്കാനില്ലെന്ന് പരിതപിക്കുകയാണ് കര്ഷകന്.
നാളുകളായി പ്രദേശത്ത് കാട്ടുമൃഗങ്ങളുടെശല്യം ദിനം പ്രതി ഏറിയിരിക്കുകയാണെന്നും കാട്ടാനകള്‍ക്കും കാട്ടുപന്നികള്‍ക്കും പുറമെ ഇപ്പോള്‍ പകല്‍പോലും കാട്ടുപോത്തുകള്‍ കൃഷിയിടത്തിലേക്ക് എത്തുന്നത് പ്രദേശവാസികള്‍ക്കിടയില്‍ ഭീതി പടര്‍ത്തുന്നതായും കര്‍ഷകര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.