കുളത്തൂപ്പുഴ: സര്‍ക്കാര്‍ വിദ്യാലയ കവാടത്തിനുമുന്നില് മാസങ്ങളായി കൂട്ടിയിട്ടിരുന്ന തടികളും ശിഖരങ്ങളും നാട്ടുകാരുടെ നിരന്തര പരാതികളെ തുടര്‍ന്ന് യുവജന സംഘടനയുടെ നേതൃത്വത്തില്‍ നീക്കം ചെയ്തു. കുളത്തൂപ്പുഴ ഗവ. യു.പി സ്കൂള്‍ കവലയില്‍ ഭീഷണിയായി നിന്നിരുന്ന കൂറ്റന്‍മാവ് മുറിച്ച് തടികള്‍ സ്കൂളിനുസമീപത്ത് പാതയോരത്ത് കൂട്ടിയിട്ട് മാസങ്ങള്‍ കഴിഞ്ഞെങ്കിലും നീക്കാത്തത് വിദ്യാര്‍ഥികള്‍ക്ക് ദുരിതമായതോടെയാണ് യുവജനസംഘടനാപ്രവര്ത്തര് ഇടപെട്ട് നീക്കിയത്. കഴിഞ്ഞ വര്‍ഷകാലത്താണ് സ്കൂള്‍ വളപ്പിനോടുചേര്ന്ന മതില്‍കെട്ടിനുപുറത്ത് നിന്നിരുന്ന വര്‍ഷങ്ങള്‍ പഴക്കമുള്ള മാവ് ജില്ലകലക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് നേതൃത്വത്തില്‍ മുറിച്ച് നിലത്തിട്ടത്.
തുടര്‍ന്ന് വനംവകുപ്പ് മാവിന്തടികള്ക്ക് വില നിശ്ചയിച്ച് ലേലം ചെയ്യാന്‍ പലതവണ ശ്രമിച്ചെങ്കിലും നടന്നില്ല. ഗുണമേന്മയില്ലാത്ത മരത്തടികള്‍ക്ക് വനംവകുപ്പ് നിശ്ചയിച്ച തുകക്ക് കരാറെടുക്കാന്‍ ആളെകിട്ടാതെ വന്നതോടെ നീക്കം ചെയ്യാനാകാതെ സ്കൂള്കവാടത്തിനുമുന്നില് ഉപേക്ഷിക്കുകയായിരുന്നു. പാതയോരത്തെ മരത്തടികളും പാതയിലെ ചളിവെള്ളക്കെട്ടും വിദ്യാലയത്തിലേക്ക് വരുന്ന കുട്ടികള്‍ക്ക് നിരന്തരം ഭീഷണിയായിരുന്നു. അധ്യയനവര്‍ഷം ആരംഭിക്കാനിരിക്കെ പ്രവേശനകവാടത്തിനുമുന്നില്നിന്ന് മരത്തടികള്‍ നീക്കം ചെയ്യണമെന്ന ആവശ്യവുമായി രക്ഷിതാക്കള്‍ രംഗത്തുവന്നിരുന്നു. ഇതോടെയാണ് ഗ്രാമപഞ്ചായത്തിന്റെ അനുമതിയോടെ കഴിഞ്ഞദിവസം ഡി.വൈ.എഫ്.ഐ കുളത്തൂപ്പുഴ ഈസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണ്ണുമാന്തിയന്ത്രത്തിന്റെ സഹായത്തോടെ വാഹനത്തില്‍ കയറ്റി മരത്തടികള്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റിയത്. തുടര്‍ന്ന് സ്കൂള്‍ പരിസരത്തെ കാടുകളും മാലിന്യവും നീക്കി. നേതാക്കളായ എസ്. ഗോപകുമാര്‍, സനല്‍ സ്വാമിനാഥന്, രാജ്കുമാര്, രാജന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.