കുണ്ടറ: മരുമകന്റെ മര്‍ദനമേറ്റ് ചികിത്സയിലിരിക്കെ ഗൃഹനാഥൻ മരിച്ച സംഭവത്തിൽ മരുമകൻ അറസ്റ്റിൽ. പെരുമ്പുഴ പുനുക്കൊന്നൂര്‍ മുരുകാലയത്തില്‍ രഘുനാഥനാണ് (60) കഴിഞ്ഞ നാലിന് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകളുടെ ഭര്‍ത്താവ് പെരിനാട് ഇടവട്ടം വരട്ടുചിറ കിഴക്കതില്‍ വിശാഖിനെ (26) കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തു.
രഘുനാഥനും ഭാര്യയും മകനും അടങ്ങുന്ന കുടുംബം താമസിച്ചിരുന്ന വീട്ടില്‍ കഴിഞ്ഞമാസം 21ന് രാത്രി 11.30ഓടെയായിരുന്നു മർദനം. രഘുനാഥന്റെ പേരിലുള്ള വീടും വസ്തുവും വിറ്റ് പണം നൽകാത്തതിന്റെ വിരോധമാണ് കാരണമെന്ന് പൊലീസ് പറഞ്ഞു.
ചുടുകട്ട കൊണ്ടും വിറക് കൊണ്ടുമുള്ള മര്‍ദനത്തില്‍ തലക്ക് സാരമായി പരിക്കേറ്റ രഘുനാഥൻ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നാലിന് പുലര്‍ച്ച മരിച്ചു. കുണ്ടറ പൊലീസ് നടത്തിയ മൃതദേഹ പരിശോധനയിലും തുടര്‍ന്ന് നടത്തിയ പോസ്റ്റ്മോർട്ടത്തിലും കൊലപാതകമാണെന്ന് സംശയമുണ്ടായി.
തുടര്‍ന്ന് സ്ഥലത്തും ചികിത്സതേടിയ ആശുപത്രികളിലും നടത്തിയ അന്വേഷണങ്ങൾക്കൊടുവിലാണ് പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുക്കുകയും രക്തസാമ്പിള്‍ ശേഖരിക്കുകയും ചെയ്തു. മര്‍ദനത്തിനുശേഷം ഒളിവില്‍ പോയ പ്രതി ഭാര്യാപിതാവിന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാതിരുന്നതും സംശയത്തിന് ആക്കംകൂട്ടി.
കുടുംബാംഗങ്ങൾ സംഭവം ഒളിച്ചുവെക്കാന്‍ ശ്രമിക്കുകയായിരുന്നു. ശാസ്താംകോട്ട ഡിവൈ.എസ്.പി എസ്. ഷെരീഫിന്റെ നേതൃത്വത്തില്‍ കുണ്ടറ സ്റ്റേഷന് ഹൗസ് ഓഫിസര്‍ ആര്. രതീഷ്, എസ്.ഐമാരായ അനീഷ് ബി, അനീഷ് എ, അബ്ദുല്‍ അസീസ് ലഗേഷ്, എസ്.സി.പി ഒ. ഷീബ, സി.പി.ഒമാരായ അനീഷ്, മെല്ബിന്, സുനിലാല്‍, അരുണ്‍ വി. രാജ്, അരുണ്‍ ഘോഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.