കൊല്ലം: കൊല്ലം ഡിപ്പോയിലെ 35 കണ്ടക്ടർമാർ നീണ്ട മെഡിക്കൽ ലീവിൽ പോയ സംഭവത്തിൽ കെ.എസ്.ആർ.ടി.സിയിലെ ആഭ്യന്തര വിജിലൻസ് സംഘം അന്വേഷണം തുടങ്ങി. വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് പലരും നീണ്ട മെഡിക്കൽ അവധിയിൽ തുടരുന്നതെന്ന സംശയത്തെതുടർന്നാണ് അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞയാഴ്ച മെഡിക്കൽ ലീവിലായിരുന്ന 39 പേരിൽ നാല് പേർ തിരികെ ജോലിയിൽ പ്രവേശിച്ചു.
കോമൺ പൂൾ സംവിധാനം വന്നതോടെ ബസ് ക്ഷാമത്തിനൊപ്പം കണ്ടക്ടർമാർ കൂട്ടത്തോടെ മെഡിക്കൽ ലീവിൽ തുടരുന്നതിൽ കെ.എസ്.ആർ.ടി.സി കൊല്ലം ഡിപ്പോ പ്രതിസന്ധിയിലാണ്. കണക്ക് പ്രകാരം 27 പേർ അധികമുണ്ടായിട്ടും കണ്ടക്ടർമാരില്ലാത്തതിനാൽ പലദിവസങ്ങളിലും കൂട്ടത്തോടെ സർവിസുകൾ റദ്ദാക്കുന്നു. ബസുകൾ കൂട്ടത്തോടെ കോമൺ പൂളിലേക്ക് മാറ്റിയതോടെ കൊല്ലം ഡിപ്പോയിൽ 64 ഷെഡ്യൂളുകളാണ് സജീവമായുള്ളത്. 165 കണ്ടക്ടർമാരുണ്ട്. എന്നാൽ പല ദിവസങ്ങളിലും 60 പേരെ പോലും ഡ്യൂട്ടിക്ക് കിട്ടില്ല. ഡബിൾ ഡ്യൂട്ടി ചെയ്യുന്ന 41 കണ്ടക്ടർമാർ ഒന്നിടവിട്ട ദിവസങ്ങളിൽ വന്നാൽ മതി. ശരാശരി ഒരു ദിവസം ഏഴ് പേർ വീക്ക്ലി ഓഫായിരിക്കും. പത്ത് പേരെ പമ്പയിലേക്ക് അയച്ചു. സീനിയറായ നാലുപേർ സ്റ്റേഷൻ മാസ്റ്റർ, എൻക്വയറി അടക്കമുള്ള അദർ ഡ്യൂട്ടികളിലാണ്. അഞ്ച് കണ്ടക്ടർമാരെക്കുറിച്ച് ഒരു വിവരവുമില്ല. പരമാവധി അഞ്ച് കണ്ടക്ടർമാർക്ക് വരെ ലീവ് അനുവദിക്കും. ശേഷിക്കുന്നവരിൽ പലരെയും നിർബന്ധിച്ച് വളിച്ചുവരുത്തിയാണ് പല ദിവസങ്ങളിലും 55 മുതൽ 60 വരെ സർവിസ് അയക്കുന്നത്.
അവധിക്കുള്ള അപേക്ഷ പോലും നൽകാതെ മാസങ്ങളായി ഡ്യൂട്ടിക്ക് ഹാജരാകാതിരിക്കുന്ന അഞ്ച് കണ്ടക്ടർമാരുടെ വീടുകളിൽ ചാർജ് നോട്ടീസുമായി ഇൻസ്പെക്ടർമാരെത്തും. ഇതിന് കൃത്യമായ മറുപടി നൽകാതിരിക്കുകയോ ജോലിക്ക് ഹാജരാകാതിരിക്കുകയോ ചെയ്താൽ പിരിച്ചുവിടാനുള്ള നടപടി തുടങ്ങും. കഴിഞ്ഞ സ്ഥലംമാറ്റത്തോടെ കൊല്ലം ഡിപ്പോയിൽ ആകെയുള്ള 165 കണ്ടക്ടർമാരിൽ 130 പേരും വനിതകളാണ്. നീണ്ട മെഡിക്കൽ അവധിയിൽ തുടരുന്നവരിൽ വലിയൊരു ഭാഗവും വനിതകളാണ്. ആകെ 165 കണ്ടക്ടർമാരിൽ 35 പേരാണ് നീണ്ട മെഡിക്കൽ ലീവിൽ പ്രവേശിച്ചത്. നീണ്ട മെഡിക്കൽ ലീവുകൾക്കുള്ള അപേക്ഷ ജില്ല മെഡിക്കൽ ബോർഡിന് വിടാൻ ആലോചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.