കൊല്ലം: ദേശീയപാത ആറുവരിപ്പാതയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായുള്ള നിർമാണ പ്രവർത്തനം ജില്ലയിൽ മന്ദഗതിയിലാകുന്നതായി ആക്ഷേപം. തുടക്കത്തിൽ അതിവേഗം നടന്ന നിർമ്മാണ ം അടുത്തനാളുകളിലാണ് നിരങ്ങിനീങ്ങാൻ തുടങ്ങിയത്. പലയിടത്തും നിർമാണം പൂർണമായും നിലച്ച സ്ഥിതിയിലാണ്.
നിർമാണത്തിന് തടസമില്ലാത്തവിധം ഗതാഗതം സംവിധാനം സുഗമമാക്കാൻ ട്രാഫിക്ക് വാർഡൻമാരെ നിയമിക്കണമെന്ന പൊലീസ് നിർദേശവും നടപ്പാക്കിയില്ല. കരാറുകാർ പലയിടത്തും ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത് പൊലീസുമായി പോലും ആലോചിക്കാതെ ആണ്. ഇത് റോഡ് കടന്നുപോകുന്ന പ്രധാന ജംഗ്ഷനുകളിലൊക്കെയും വലിയ ഗതാഗത കുരുക്കാണ് സൃഷ്ടിക്കുന്നത്. ഉത്തരേന്ത്യൻ കമ്പനികളാണ് നിർമാണക്കരാർ ഏറ്റെടുത്തിട്ടുള്ളത് .
നിർമ്മാണ കാര്യത്തിൽ ഒന്നിനും ഏകോപനമില്ലാത്ത സ്ഥിതിയുമാണ്. കായംകുളം കൊറ്റുകുളങ്ങര മുതൽ കാവനാടുവരെ 31.5 കിലോ മീറ്റർ നിർമാണത്തിന് 1230 കോടി രൂപയുടെ കരാർ വിശ്വാസമുദ്ര എൻജിനിയറിങ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും കാവനാടു മുതൽ കടമ്പാട്ടുകോണം വരെ 1100 കോടി രൂപയുടെ കരാർ ശിവാലയ കൺസ്ട്രക്ഷൻ കമ്പനിയുമാണ് ഏറ്റെടുത്തിട്ടുള്ളത്.
നിർമാണം വേഗത്തിലാക്കാൻ സംസ്ഥാന സർക്കാർ റോയൽറ്റി ഒഴിവാക്കി മണ്ണും മണലും പാറയും എടുക്കാൻ അവസരം ഒരുക്കിയിട്ടും കരാറുകാർ അതിനനുസരിച്ച് പ്രവർത്തനം നടത്തുന്നില്ല. ഓച്ചിറ, കരുനാഗപ്പള്ളി, ചവറ, നീണ്ടകര ഭാഗങ്ങളിൽ നിർമാണം നിർത്തിവച്ച സ്ഥിതിയാണ്. കൊട്ടിയം, ചാത്തന്നൂർ, പാരിപ്പള്ളി മേഖലയിലും ഇതേ സാഹചര്യമാണ്. നിർമാണ വേഗത കുറഞ്ഞതിന് ഇതുവരെ കാരണം പറഞ്ഞത് ശക്തമായ മഴയാണെന്നായിരുന്നു. ഇപ്പോൾ മഴ മാറിനിന്നിട്ടും പഴയ അവസ്ഥയിൽ ഒരുമാറ്റവുമില്ല. സർവീസ് റോഡ് പലയിടത്തും പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. ഇരുചക്രവാഹന യാത്രക്കാർ ഏറെ പ്രയാസെപടുകയാണ്. അവർ അപകടത്തിൽ പെടുന്നത് നിത്യസംഭവമായി.
വാഹനങ്ങൾക്കു തിരിഞ്ഞുപോകേണ്ട സ്ഥലങ്ങളെക്കുറിച്ച് മുന്നറിയിപ്പ് ബോർഡുകളോ സിഗ്നലോ ഇല്ല. അവിടങ്ങളിൽ ഗതാഗതം നിയന്ത്രിക്കാൻ നിൽക്കുന്നവരാകട്ടെ തോന്നിയപോലെയാണ് കാര്യങ്ങൾ ചെയ്യുന്നത്. അടിപ്പാത നിർമാണസ്ഥലങ്ങളിലും അപകടസാധ്യത ഏറെയാണ്.
ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉന്നത ഉദ്യോഗസ്ഥർ നിർമാണം വിലയിരുത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം. 2025 അവസാനം പണി പൂർത്തിയാക്കുമെന്നാണ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞിരുന്നത്. എന്നാൽ പണി ഈ സ്വഭാവത്തിലാണ് പോകുന്നതെങ്കിൽ അത് വിദൂര സ്വപ്നം മാത്രമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.