കൊല്ലം: സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ എ.സി ബസില്‍ യാത്ര ഒരുക്കി കെ.എസ്.ആർടി സിയുടെ ‘ജനത സര്‍വിസ്’ കൊല്ലത്ത്. തിങ്കളാഴ്ച രാവിലെ ഏഴിന് കൊല്ലം കെ.എസ്.ആര്.ടി.സി സ്റ്റാൻഡിൽ മേയര്‍ പ്രസന്ന ഏണസ്റ്റ് ഫ്ലാഗ് ഓഫ് ചെയ്യുന്നതോടെ സർവിസിന് തുടക്കമാകും.
പരീക്ഷണം എന്ന നിലയിൽ കൊല്ലം, കൊട്ടാരക്കര എന്നിവിടങ്ങില്‍നിന്നും തിരുവനന്തപുരത്തേക്കാണ് ആദ്യഘട്ട സർവിസ്. പ്രധാനമായും ജില്ലയിലെ ഓഫിസുകളില്‍ ജീവനക്കാര്‍ക്ക് എത്തിച്ചേരുന്ന വിധത്തിലാണ് സര്‍വിസുകളുടെ സമയക്രമം. കെ.എസ്.ആര്.ടി.സിയുടെ ലോ ഫ്ലോര്‍ എ.സി ബസുകളാണ് ജനത സര്‍വിസിനായി ഉപയോഗപ്പെടുത്തുക.
20 രൂപ മുതലാണ് മിനിമം ടിക്കറ്റ്. ഫാസ്റ്റിനെക്കാള് അൽപം കൂടിയ നിരക്കും സൂപ്പര്‍ ഫാസ്റ്റിനെക്കാള് കുറഞ്ഞ നിരക്കുമാണ്. അധിക കിലോമീറ്ററിന് 108 പൈസ എന്ന നോണ്‍ എ.സി സൂപ്പര്‍ ഫാസ്റ്റ് നിരക്കാണ് ഈടാക്കുക. ഫാസ്റ്റ് പാസഞ്ചറിന്റെ എല്ലാ സ്റ്റോപ്പിലും ജനത സര്‍വിസ് നിര്‍ത്തും.
ജനത എ.സി സര്‍വിസുകള്‍ വിജയകരമെങ്കില്‍ എല്ലാ ജില്ലകളെയും പരസ്പരം ബന്ധിപ്പിച്ച് പുതിയ സര്‍വിസുകള്‍ ആരംഭിക്കും. ഭാവിയില്‍ പരിസര മലിനീകരണം കുറക്കുന്നതിന്റെ ഭാഗമായി ജനത സര്‍വിസുകള്‍ ഇലക്ട്രിക് ബസുകളിലേക്ക് മാറുന്ന കാര്യവും പരിഗണനയിലാണ്.
ഓരോ ഡിപ്പോകളെയും ഹബുകളായും പ്രധാന ബസ് സ്റ്റേഷനുകളെ റീജനല്‍ ഹബുകളായും ക്രമീകരിക്കും. ഹബ് ആൻഡ് സ്പോക്ക് മാതൃകയില്‍ ശാസ്ത്രീയമായി പുനഃക്രമീകരിച്ച് സര്‍വിസുകള്‍ നടത്തും. മിനി ഫീഡര്‍ സര്‍വിസുകള്‍ യാത്രക്കാരെ ബസ് റൂട്ടുകളില്‍ എത്തിക്കും. ഹബുമായി ബന്ധിപ്പിക്കുന്ന ഓര്‍ഡിനറി ബസുകള്‍ കൃത്യമായ ഇടവേളകളില്‍ യാത്രക്കാര്‍ക്ക് യാത്രാ സൗകര്യം ഒരുക്കും.
റീജനല്‍ ഹബുകളെ പരസ്പരം ബന്ധിപ്പിച്ച് ഒരു ജില്ലയില്‍നിന്നും തൊട്ടടുത്ത ജില്ലയിലേക്ക് ഡി ടു ഡി സര്‍വിസുകള്‍ നടത്തും. തെക്ക്, വടക്ക്, സെന്‍ട്രല്‍ ഹബ് ഇവയെ ബന്ധിപ്പിച്ച് ഹബ് ലിമിറ്റഡ് സ്റ്റോപ് സൂപ്പര്‍ക്ലാസ് സര്‍വിസുകളും നടത്തും.
കൊല്ലം, കൊട്ടാരക്കര യൂനിറ്റുകളില്‍നിന്നും രാവിലെ 7.15ന് ആരംഭിച്ച് 9.30ന് തിരുവനന്തപുരത്ത് എത്തിച്ചേരും. തുടര്‍ന്ന് 10ന് അവിടെനിന്ന് തിരിക്കുന്ന ബസുകള്‍ 12ന് കൊല്ലത്തും കൊട്ടാരക്കരയിലും എത്തിച്ചേരും. തുടര്‍ന്ന് ഉച്ചക്ക് 2.20ന് പുറപ്പെട്ട് 4.30ന് തിരുവനന്തപുരത്ത് എത്തി അഞ്ചിന് തമ്പാനൂര്‍, വഴുതക്കാട്, സ്റ്റാച്യു, പട്ടം (മെഡിക്കല്‍ കോളജ് - കൊല്ലം ബസ്), കേശവദാസപുരം എന്നീ സ്ഥലങ്ങളിലെ ഓഫിസുകളെ ബന്ധിപ്പിച്ച് തിരികെ രാത്രി 7.15ന് സര്‍വിസ് അവസാനിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.