കൊല്ലം: റെയിൽവേ സ്റ്റേഷനിൽനിന്ന് തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, പുനലൂർ എന്നിവിടങ്ങളിലേക്ക് ട്രൈയിനുകളിലെ തിരക്കിന് ക്രമാതീത വർധന. കൂടുതൽ െട്രയിനുകൾ പ്രായോഗികമല്ലങ്കിൽ നിലവിലെ െട്രയിനുകളിൽ ജനറൽ കോച്ചുകളുടെ എണ്ണവും ദീർഘദൂര ട്രെയിനുകളിൽ ഡി-റിസർവ്ഡ് കോച്ചുകളുടെ എണ്ണവും വർധിപ്പിക്കണമെന്നതാണ് യാത്രക്കാരുടെ പ്രധാന ആവശ്യം. നിലവിൽ കൊല്ലത്ത് ഏതു സമയത്തും ട്രെയിനുകളിൽ വലിയ തിരക്കാണ്. ദേശീയപാതയിലെ നിർമാണപ്രവർത്തനം മൂലം ബസ്യാത്ര ദുരിതമായതും കൂടുതൽ സമയം വേണ്ടിവരുന്നതും എല്ലാവരെയും ട്രെയിൻ ഗതാഗതം ആശ്രയിക്കാൻ നിർബന്ധിതരാക്കുന്നു.
ഹ്രസ്വദൂര ട്രെയിനുകൾ ഒഴികെ പല ട്രെയിനുകളിലും മുന്നിലും പിന്നിലും ഓരോ ജനറൽ കോച്ച് മാത്രമാണുള്ളത്. യാത്രക്കാരുടെ നിരന്തരമുള്ള പരാതിയെ തുടർന്ന് കന്യാകുമാരി-ബംഗളൂരു ഐലൻഡ് എക്സ്പ്രസിന് ഒക്ടോബറിൽ ഒരു ജനറൽ കോച്ച് അധികമായി അനുവദിച്ചു. എങ്കിലും തിരുവനന്തപുരം-ചെന്നൈ സൂപ്പർ ഫാസ്റ്റ് അടക്കം ട്രെയിനുകളിൽ ഇപ്പോഴും ജനറൽ കോച്ചുകളുടെ എണ്ണം രണ്ടുമാത്രമാണ്. വേണ്ടത് കൂടുതൽ ഡി-റിസർവ്ഡ് കോച്ചുകൾ
സ്ഥിരം യാത്രക്കാരായ സീസൺ ടിക്കറ്റുകാർക്കും കൗണ്ടറിൽനിന്ന് സ്ലീപ്പർ ടിക്കറ്റ് എടുക്കുന്ന യാത്രക്കാർക്കും അനുഗ്രഹമായ ഡി-റിസർവ്ഡ് സ്ലീപ്പർ കോച്ചുകൾ വർധിപ്പിക്കണമെന്നത് യാത്രക്കാരുടെ നിരന്തര ആവശ്യമാണ്. റിസർവേഷൻ അനുവദിക്കുന്നതിൽ ശാസ്ത്രീയസ്വഭാവം സ്വീകരിച്ച് ഇത്തരം കോച്ചുകൾ കൂടുതൽ അനുവദിച്ചാൽ റെയിൽവേക്ക് വൻ വരുമാനവുമാണ്.
ഡി-റിസർവ്ഡ് കോച്ചുകളുള്ള ട്രെയിനിൽ സ്ലീപ്പർ ചാർജ് സാധാരണ സ്ലീപ്പർ നിരക്കുകളെ അപേക്ഷിച്ച് 50 ശതമാനം കുറവുമാണ്. സീസൺ ടിക്കറ്റുള്ളവർക്കും ഇത്തരം കോച്ചുകളിൽ യാത്രചെയ്യാം. നിലവിൽ തിരുവനന്തപുരം-മംഗലാപുരം മലബാർ എക്സ്പ്രസ്, ചെന്നൈ മെയിൽ, കന്യാകുമാരി-ബാംഗളൂരു എക്സ്പ്രസ് എന്നീ ട്രെയിനുകൾ അടക്കം ചില വണ്ടികളിൽ കുറച്ചുദൂരമെങ്കിലും ഡി-റിസർവ്ഡ് കോച്ചുകളുണ്ട്.
തിരക്ക് ഏറെയുള്ള രാവിലെയും വൈകീട്ടും കുറച്ച് ദൂരമെങ്കിലും ആളൊഴിഞ്ഞ കോച്ചുകൾ ഡി-റിസർവ്ഡ് ചെയ്താൽ ശ്വാസംമുട്ടിയുള്ളയാത്രക്ക് ആശ്വാസകരമാകും. വൈകീട്ട് നാലിനുശേഷം എറണാകുളം ഭാഗത്തേക്ക് പോകുന്ന ചെന്നൈ മെയിലിൽ ഒരു കോച്ചുമാത്രമാണ് ഡി-റിസർവ് ചെയ്തിട്ടുള്ളത്. അതിൽ പോലും വലിയ തിരക്കാണ്. അതിൽ ഒരു കോച്ചുകൂടി ഡി-റിസർവ്ഡ് ആക്കാൻ നിലവിൽ പ്രശ്നമില്ല.
എറണാകുളം മുതലാണ് ഈ ട്രെയിനിൽ റിസർവേഷൻ യാത്രക്കാരുള്ളത്. അതുപോലെ വൈകുന്നേരം ആറിനുശേഷമുള്ള ചെന്നൈ സൂപ്പർ ഫാസ്റ്റിലും ഡി-റിസർവ്ഡ് കോച്ചുകൾ ഒന്നുമില്ലെന്നുമാത്രമല്ല ജനറൽ കോച്ചുകളും കുറവാണ്. സെക്കന്തരാബാദിലേക്കുള്ള ശബരി എക്സ്പ്രസിൽ ചില കോച്ചുകൾ ഡി-റിസർവ്ഡ് ആണങ്കിലും തിരിച്ച് തിരുവനന്തപുരത്തേക്ക് ഡി-റിസർവ്ഡ് കോച്ചുകളില്ല.
കൊല്ലം: കൊല്ലം-എറണാകുളം 06443\44 മെമു സർവിസിന്റെ കോച്ചുകളുടെ എണ്ണം 12ൽ നിന്ന് എട്ടായി കുറച്ചത് പുനഃസ്ഥാപിച്ചു. കോച്ചുകൾ പുനഃസ്ഥാപിക്കണമെന്നാവശ്യെപ്പട്ട് കൊടിക്കുന്നിൽ സുരേഷ് എം.പി കഴിഞ്ഞദിവസം റെയിൽവേ മന്ത്രിക്ക് കത്ത് നൽകിയിരുന്നു. അടുത്തദിവസം തന്നെ കോച്ചുകൾ പുനഃസ്ഥാപിക്കുകയും ചെയ്തു.
അതുപോലെ കൊല്ലത്തുനിന്ന് വൈകീട്ട് ആറിന് ശേഷമുള്ള 12696 ചെന്നൈ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ തിരുവനന്തപുരം മുതൽ കോട്ടയം വരെ ഡി-റിസ്ർവ്ഡ് കോച്ചുകൾ അനുവദിക്കണമെന്നാവശ്യെപ്പട്ട് ‘ചെന്നൈ മെയിൽ ഫ്രണ്ട്സ്’ വാട്ട്സ്ആപ് ഗ്രൂപ്പിലുള്ള നൂറുകണക്കിന് യാത്രക്കാർ ഒപ്പിട്ട നിവേദനം കഴിഞ്ഞദിവസം കൊടിക്കുന്നിൽ സുരേഷ് എം.പിക്ക് നൽകിയിരുന്നു.
അപ്പോൾതന്നെ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, റെയിൽവേ ബോർഡ് ചെയർമാൻ അനിൽകുമാർ ലാഹോട്ടി, റെയിൽവേ ജനറൽ മാനേജർ എന്നിവർക്ക് എം.പി തന്റെ ശിപാർശയോടുകൂടി നിവേദനം കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിഷയം പഠിക്കാൻ തീരുമാനിച്ചതായും എത്രയും വേഗം അനുകൂല തീരുമാനമുണ്ടാകുമെന്നും ജനറൽ മാനേജർ ആർ.എൻ. സിങ്ങിൽ നിന്ന് മറുപടി ലഭിച്ചതായി കൊടിക്കുന്നിൽ സുരേഷ് എം.പി ‘മാധ്യമ’ത്തോട് പറഞ്ഞു.
പുനലൂർ-ചെങ്കോട്ട റൂട്ടിൽ പല സമയത്തും ട്രെയിനുകൾ കുറവാണ്. എല്ലാ സ്ഥലത്തും സ്റ്റേഷനുകളുണ്ടെങ്കിലും നിർത്തുന്ന ട്രെയിനുകളും കുറവാണ്. എല്ലാ സ്റ്റേഷനിലും നിർത്തുന്ന മെമു സർവിസിന് ആവശ്യത്തിന് കോച്ചുകളുമില്ല. കൊല്ലം- പുനലൂർ 06669/70 മെമു സർവീസിൽ കോച്ചുകളുടെ എണ്ണം എട്ടിൽനിന്ന് 12 ആയി കൂട്ടണമെന്ന ആവശ്യത്തിനും നാളുകളുടെ പഴക്കമുണ്ട്.
റെയിൽവേ മന്ത്രിക്ക് ഇതു സംബന്ധിച്ച് കൊടിക്കുന്നിൽ സുരേഷ് എം.പി നിവേദനം നൽകിയിട്ടുണ്ട്. പുനലൂരിൽ നിന്ന് രാവിലെയുള്ള സർവിസിൽ കടുത്ത തിരക്കാണ്. ഈ ട്രെയിൻ 12 കോച്ചുകളായി ഉയർത്തുന്നത് സംബന്ധിച്ച് സ്ഥിരം യാത്രക്കാരും യാത്രക്കാരുടെ സംഘടനകളും ഇടപെടൽ തേടി തന്നെ വന്ന് കണ്ടിരുന്നതായും മന്ത്രിയുടെ ഭാഗത്തുനിന്ന് അനുകൂലമായ നടപടി പ്രതീക്ഷിക്കുന്നതായും കൊടിക്കുന്നിൽ സുരേഷ്പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.