പത്തനാപുരം: വിവിധ ജില്ലകളില്‍നിന്ന് ഇരുചക്രവാഹനങ്ങള്‍ മോഷ്ടിച്ച് പൊളിച്ച് വില്‍ക്കുന്ന അഞ്ചംഗ സംഘത്തെ പൊലീസ് പിടികൂടി. പത്തനംതിട്ട തേപ്പുപാറ മുരുകൻകുന്ന് രാഖി ഭവനിൽ രാഹുൽ (29), കാവടി ഭാഗം ഒഴുകുപാറ പുത്തൻവീട്ടിൽ ശ്യാം പി. പ്രകാശ് (21), തൊടുവക്കാട് വിഷ്ണു ഭവനിൽ വിജീഷ് (21), കാവടിഭാഗം രാജി ഭവനിൽ അഭി (19), തൊടുവക്കാട് വലിയവിള താഴതിൽ വീട്ടിൽ സിബിൻ (20) എന്നിവരെയാണ് പത്തനാപുരം പൊലീസ് പിടികൂടിയത്. കൊല്ലം-പത്തനംതിട്ട ജില്ലകളുടെ വിവിധ ഭാഗങ്ങളില്‍നിന്ന് ബൈക്കുകളും സ്കൂട്ടറുകളും മോഷ്ടിച്ച് പൊളിച്ച് പാർട്സാക്കി വിൽക്കുന്നതായിരുന്നു ഇവരുടെ രീതി.
പത്തനാപുരം എസ്.ഐ ശരലാലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വിവിധ സ്ഥലങ്ങളിൽ നിന്നുമാണ് ഇവരെ അറസ്റ്റ് ചെയ്തത്. രാത്രിയിൽ ബൈക്കിൽ സഞ്ചരിച്ച് വീടുകളുടെ മുന്നിൽ വെച്ചിരിക്കുന്ന ഇരുചക്രവാഹനങ്ങൾ മോഷ്ടിക്കുന്നതാണ് പതിവ്. മാങ്കോട് മുള്ളൂർ നിരപ്പ് സ്വദേശിയായ ഇബ്രാഹിം സിക്കന്ദറുടെ ബൈക്ക് രണ്ടുമാസം മുമ്പ് വീട്ടുമുറ്റത്ത് നിന്നും രാത്രി മോഷണം പോയതിനെതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.
ബൈക്കിന്റെ പൊളിച്ച ഭാഗങ്ങളും എൻജിനും കണ്ടെടുത്തു. എൻജിൻ നമ്പരും രജിസ്ട്രേഷന് നമ്പരും മാറ്റം വരുത്തിയ മൂന്ന് മോട്ടോർ സൈക്കിളുകളും ഇവരിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് പത്തനാപുരം ഇൻസ്പെക്ടർ ജയകൃഷ്ണൻ അറിയിച്ചു.
ക്രൈം എസ്.ഐ സുനിൽകുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ ഷിബുമോൻ, ശ്രീജിത്ത്, വിനോദ്, രാജീവ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.