പത്തനാപുരം: നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് പുനര്‍നിർമിക്കുന്ന നടുക്കുന്ന്-കമുകുംചേരി-മുക്കടവ് പാതയുടെ പ്രവർത്തനങ്ങൾക്ക് തുടക്കം. നിലവില്‍ ടാറിങ് പൂര്‍ണമായും ഇളക്കിമാറ്റി വീതികൂട്ടുന്ന ജോലികളാണ് പുരോഗമിക്കുന്നത്. വടക്കേന്ത്യന്‍ സംസ്ഥാനങ്ങളിൽ ഉപയോഗിക്കുന്ന എഫ്.ഡി.ആർ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ പാതകൾ നവീകരിക്കുന്നത്.
നിലവിലുള്ള ടാറിങ് പൂർണമായും ഇളക്കിമാറ്റുകയും സിമൻറ് ചേര്‍ത്ത് തയാറാക്കുന്ന പ്രത്യേക മിശ്രിതം പാതയിൽ ഉറപ്പിക്കുകയും ചെയ്യും. തുടര്‍ന്ന് നേരത്തെ ഇളക്കിമാറ്റിയ റോഡിന്റെ ഭാഗങ്ങൾ പുനചംക്രമണം ചെയ്തത് ഉപയോഗിച്ച് ടാറിങ് നടത്തും. ആകെ ഏഴ് മീറ്ററാണ് പാത.
ഇതില്‍ അഞ്ചര മീറ്ററിലാണ് ടാറിങ്. ടാറിങ് നടക്കുമ്പോള്‍ പാതയിലൂടെ ഗതാഗതം പൂർണമായും നിരോധിക്കും. നിയോജകമണ്ഡലത്തിലെ വിവിധ റോഡുകളുടെ പുനർനിർമാണവുമായി ബന്ധപ്പെട്ട് കരാർ ഏജൻസിയും കിഫ്ബി ഉദ്യോഗസ്ഥരും പാതകളില്‍ കഴിഞ്ഞമാസം സന്ദർശനം നടത്തിയിരുന്നു. പള്ളിമുക്ക്-പുന്നല-കറവൂർ, പള്ളിമുക്ക്-അലിമുക്ക്, പത്തനാപുരം-ഏനാത്ത് റോഡുകളാണ് എഫ്.ഡി.ആര് സാങ്കേതിക വിദ്യയിലൂടെ പുനരുദ്ധരിക്കുന്നത്.
നിർമാണപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ യന്ത്രസാമഗ്രികളും വാഹനങ്ങളും കഴിഞ്ഞയാഴ്ച റെയില്‍വേ വാഗണില്‍ കൊല്ലത്ത് എത്തിച്ചിരുന്നു. ഇത് പുന്നല-പത്തനാപുരം പാതയില്‍ കിഴവറയില് നിർമിച്ച മൈതാനിയില്‍ എത്തിച്ചിട്ടുണ്ട്.
നിരവധിനാളുകളായി ഈ പാതകൾ ഗതാഗത യോഗ്യമല്ലാതെ കിടക്കുകയായിരുന്നു. ഇതേതുടർന്നാണ് 2022ലെ ബജറ്റില്‍ ഉള്‍പ്പെടുത്തി പാതയുടെ നവീകരണത്തിനായി കിഫ്ബി ഫണ്ട് അനുവദിച്ചത്. നിലവിൽ ഏനാത്ത് -പത്തനാപുരം പാതയുടെ സർവേ നടപടികൾ മാത്രമാണ് പൂർത്തിയായിട്ടുള്ളത്. ബാക്കി പാതകൾ അടിയന്തരമായി സർവേ പൂർത്തീകരിച്ച റിപ്പോർട്ട് സമർപ്പിക്കാൻ തഹസില്‍ദാര്‍ക്ക് നിർദേശം നൽകിയിട്ടുണ്ട്. മാര്‍ച്ച് ആദ്യവാരത്തോടെ ടാറിങ് ആരംഭിക്കുമെന്നാണ് നിലവിലെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.