പത്തനാപുരം: കൊല്ലം- പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന മലയോരപാതയായ ഇളമണ്ണൂർ-കലഞ്ഞൂർ-മാങ്കോട്-പാടം പാത നവീകരണം അഞ്ച് വർഷം പിന്നിട്ടിട്ടും പൂർത്തിയായില്ല. 13 കിലോമീറ്റർ വരുന്ന റോഡിന്റെ നിർമാണം ഇഴയുന്നത് ജനത്തെ ദുരിതത്തിലാക്കുന്നു. നിർമാണ പുരോഗതി വിലയിരുത്താൻ കഴിഞ്ഞ വര്ഷം അവസാനം സ്ഥലത്തെത്തിയ മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രഖ്യാപനവും പാഴ്വാക്കായി. സംസ്ഥാനപാതയായ കെ.പി റോഡിലെ ഇരുപത്തിമൂന്ന് ജങ്ഷനിൽനിന്നാണ് റോഡ് തുടങ്ങുന്നത്.
അവിടെനിന്ന് പുനലൂർ-മൂവാറ്റുപുഴ റോഡിലെത്തി കലഞ്ഞൂർ-മാങ്കോട്-പാടം പാതയിലേക്ക് പ്രവേശിക്കും. കലഞ്ഞൂർ ഡിപ്പോ ജങ്ഷൻമുതൽ കൊല്ലം ജില്ലയിലെ ഭാഗങ്ങളിലൂടെ പത്തനാപുരത്തെ മാങ്കോട് ഭാഗത്തെത്തുന്ന വിധമാണ് നിർമാണം. ഒന്നരവർഷം കാലാവധിയിൽ 22 കോടി മുടക്കിയുള്ള പാത നിർമാണം 2018 ആഗസ്റ്റിൽ തുടങ്ങിയതാണ്.
ഇതുവരെ കലഞ്ഞൂർമുതൽ മാങ്കോട് സ്റ്റേഡിയം ജങ്ഷൻവരെ ടാറിങ് നടത്തിയതു മാത്രമാണ് നിർമാണ പുരോഗതി. മിക്ക സ്ഥലങ്ങളിലും അവസാനഘട്ട ടാറിങ് നടന്നിട്ടില്ല. പത്തനാപുരം വാഴപ്പാറ ആക്വാഡക്ടിന് സമീപം കുറച്ചുഭാഗത്ത് റോഡ് പണി ആരംഭിക്കാത്ത സ്ഥിതിയാണ്. വാഴപ്പാറമുതൽ മുള്ളൂർനിരപ്പ് വരെയുള്ള ജില്ലയുടെ ഭാഗത്താവട്ടെ ഓടനിർമാണം പേരിനുമാത്രവും.
മാങ്കോട് ജങ്ഷൻ കഴിഞ്ഞുള്ള ഭാഗത്ത് റോഡ് വീതികൂട്ടുന്നതിനായി എടുത്ത കുഴികളും റോഡിന്റെ തകർച്ചയും അപകടങ്ങൾക്കിടയാക്കുന്നുണ്ട്.പാടം വരെയുള്ള മൂന്നരക്കിലോമീറ്റർ ഭാഗത്ത് പാതയോരം കെട്ടി ബലപ്പെടുത്തി ഓട നിർമിച്ചുവേണം പണി പൂർത്തിയാക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.