പത്തനാപുരം: കനത്ത സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് കുടുംബശ്രീയുടെ സഞ്ചരിക്കുന്ന വിപണനകേന്ദ്രം നിർത്തലാക്കിയതോടെ വാഹനം നശിക്കുന്നു. നിയോജക മണ്ഡലത്തിലെ എട്ട് ഗ്രാമപഞ്ചായത്തുകളിലെ കുടുംബശ്രീയുടെ മേൽനോട്ടത്തിലാരംഭിച്ച വാഹന സർവീസാണ് നിര്‍ത്തിയത്. കെ.ബി. ഗണേഷ് കുമാറിന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 20 ലക്ഷം രൂപ വിനിയോഗിച്ചാണ് മൊബൈല്‍ മാര്‍ക്കറ്റിംഗ് യൂനിറ്റ് ആരംഭിച്ചത്.
2020 ൽ ആരംഭിച്ച വാഹനത്തിന്റെ നടത്തിപ്പ് ചുമതല ബ്ലോക്ക് പഞ്ചായത്തിനായിരുന്നു. കുടുംബശ്രീ എ.ഡി.എസുമാരുടെ കൂട്ടായ്മയായ ‘സേവിക’യായിരുന്നു സര്‍വീസ് നടത്തിയിരുന്നത്. കുടുംബശ്രീകള്‍ ഉൽപാദിപ്പിക്കുന്ന വിവിധ വസ്തുക്കൾ വാഹനത്തിൽ ശേഖരിക്കുകയും അത് നിയോജകമണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിച്ച് വിൽപ്പന നടത്തുകയുമായിരുന്നു രീതി. ഇങ്ങനെ വിൽപ്പന നടത്തി കിട്ടുന്ന ലാഭവിഹിതമാണ് പദ്ധതി നടത്തിപ്പിനായി വിനിയോഗിച്ചിരുന്നത്.
സാധനങ്ങള്‍ നല്കുന്ന കുടുംബശ്രീകളുടെ വിഹിതം, വാഹനത്തിലെ ജീവനക്കാരുടെ വേതനം, വാഹനത്തിന്റെ ഇന്ധനം, അറ്റകുറ്റപണികള്‍ എന്നിങ്ങനെ നിരവധി ചിലവുകൾ സര്‍വീസിന് ഉണ്ടായിരുന്നു. എന്നാൽ പ്രതീക്ഷിച്ച തുക വാഹനത്തിൽ നിന്നും ലഭിക്കാതായതോടെയാണ് സഞ്ചരിക്കുന്ന വിപണന വാഹനത്തിന്റെ പ്രവർത്തനം നിലച്ചത്.
പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിന് സമീപത്ത് നാശത്തിന്റെ വക്കിലാണ് ഈ വാഹനം. തുരുമ്പെടുത്തും കാടുകയറിയ നശിക്കുകയാണ് ഇത്. സംസ്ഥാനത്ത് ആദ്യമായായിരുന്നു പത്തനാപുരം നിയോജകമണ്ഡലത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പിലാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.