ജീവനക്കാരെ സ്ഥലംമാറ്റുകയും വര്‍ക്ഷോപ്പും സ്റ്റോറും പൂട്ടുകയും ചെയ്തു
പത്തനാപുരം: ജീവനക്കാരെ കൂട്ടത്തോടെ സ്ഥലംമാറ്റുകയും വര്‍ക് ഷോപ്പും സ്റ്റോറും പൂട്ടുകയും ചെയ്തതോടെ കെ.എസ്.ആര്‍.ടി.സി ഡിപ്പോ പ്രവര്‍ത്തനം പ്രതിസന്ധിയിൽ. ക്രമേണ ഡിപ്പോ അടച്ചുപൂട്ടുന്നതിന്‍റെ ആദ്യപടിയാണ് ഇതെന്ന് ആക്ഷേപമുണ്ട്.
ജീവനക്കാരുടെ ക്ഷാമം കാരണം സമീപത്തെ ഡിപ്പോകളിൽനിന്ന് പത്തനാപുരത്തേക്ക് നിയമിച്ച ജീവനക്കാരെയെല്ലാം തിരിച്ചുവിളിക്കാൻ ഉത്തരവായി. കോവിഡ് സമയത്ത് 28 സർവിസുകൾ പിൻവലിക്കുകയും മെക്കാനിക്കല്‍ വിഭാഗവും സ്റ്റോറും പൂട്ടുകയും ചെയ്തിരുന്നു. സ്റ്റോർ ചുമതലയുണ്ടായിരുന്ന ജീവനക്കാരെല്ലാം മറ്റ് ഡിപ്പോകളിലേക്ക് മാറ്റുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഡ്രൈവർമാരും കണ്ടക്ടർമാരും ആദ്യം ജോലി ചെയ്തുകൊണ്ടിരുന്ന ഡിപ്പോയിലേക്ക് മാറാൻ ഉത്തരവായത്. 49 സര്‍വിസുകളാണ് ഉണ്ടായിരുന്നത്. ജീവനക്കാർ കുറയുന്നതോടെ 15 സർവിസിൽ താഴെയാകും. ഗ്രാമീണപാതകളിലും ആദിവാസി മേഖലകളിലുമടക്കം ഏറ്റവും കൂടുതൽ സർവിസുകൾ നടത്തിയിരുന്നത് പത്തനാപുരം ഡിപ്പോയിൽനിന്നാണ്. പൂങ്കുളഞ്ഞി, കമുകുംചേരി, പട്ടാഴി തലവൂർ, ഏനാത്ത് പാതകളിൽ കെ.എസ്.ആർ.ടി.സി ബസ് മാത്രമാണ് ഭൂരിപക്ഷം ആളുകൾക്കും ആശ്രയം.
കഴിഞ്ഞദിവസം ഏഴ് കണ്ടക്ടർമാരും ആറ് ഡ്രൈവർമാരും മറ്റ് ഡിപ്പോകളിലേക്ക് പോയി. മാറ്റിയ ജീവനക്കാര്‍ക്ക് പകരം പുതിയ ആളുകളെ നിയമിച്ചിട്ടുമില്ല. ഇതോടെ ആറ് സർവിസ് നിലച്ചു. വരും ദിവസങ്ങളിൽ കൂടുതൽ ആളുകളെ സ്ഥലംമാറ്റാൻ നടപടിയുണ്ടാകുമെന്ന് സൂചനയുണ്ട്. സ്ഥലംമാറ്റം ഉത്തരവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍തലത്തിലോ ജനപ്രതിനിധികളുടെ ഭാഗത്തുനിന്നോ ഇടപെടൽ ഉണ്ടായിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.