പത്തനാപുരം: ശബരിമല തീർഥാടനം ആരംഭിക്കാന്‍ ദിവസങ്ങൾ മാത്രം ബാക്കി നൽകി കെ.എസ്.ടി.പിയുടെ മേല്‍നോട്ടത്തില്‍ പുരോഗമിക്കുന്ന പുനലൂർ-പൊൻകുന്നം പാതയുടെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായില്ല.
കഴിഞ്ഞ ശബരിമല തീർഥാടന കാലത്ത് മന്ത്രി മുഹമ്മദ് റിയാസ് പാത സന്ദര്‍ശിച്ച് ഉടൻ പൂർത്തീകരിക്കണമെന്ന് നിർദേശം നൽകിയിരുന്നു. ഒരു വർഷം കഴിഞ്ഞിട്ടും പാത നിർമാണം പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല.
പുനലൂർ മുതൽ കോന്നി വരെ പല ഭാഗങ്ങളിലും ഒന്നാംഘട്ട ടാറിങ് മാത്രമാണ് പൂർത്തീകരിച്ചത്. പുനലൂര്‍, പത്തനാപുരം എന്നിവിടങ്ങളില്‍ നിന്ന് നീക്കം ചെയ്ത ഹൈമാസ്റ്റ് ലൈറ്റുകള്‍ പുനഃസ്ഥാപിച്ചിട്ടില്ല.
പത്തനാപുരം-അടൂര്‍ റോഡുമായി ചേരുന്ന കല്ലുംകടവില്‍ ഡിവൈഡറുകള്‍ നിര്‍മിക്കുന്ന പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല.
നിർമാണം ആരംഭിച്ച കാത്തിരിപ്പ് കേന്ദ്രങ്ങൾ പൂര്‍ത്തിയായിട്ടുമില്ല. പാതയിൽ കടയ്ക്കാമണ്‍ നാരങ്ങാപുറം ജങ്ഷനുസമീപം രണ്ടുമാസം മുമ്പ് ഇടിഞ്ഞുവീണ സംരക്ഷണഭിത്തിയും റോഡിന്റെ ഒരു ഭാഗത്തിന്റെ നിർമാണവും ഇപ്പോഴും നടക്കുകയാണ്. തമിഴ്നാട്ടിൽ നിന്നും തെക്കന്‍ ജില്ലകളില്‍ നിന്നും നിരവധി തീർഥാടക സംഘങ്ങളാണ് പുനലൂർ-പത്തനാപുരം പാത വഴി ശബരിമലയിലേക്ക് പോകുന്നത്.
പാതയുടെ അവസാന റീച്ചായ പുനലൂര്‍ കോന്നി ഭാഗമാണ് ഇപ്പോൾ നിർമാണം നടക്കുന്നത്. വീതിയുള്ള പാതയില്‍ തീർഥാടനകാലത്തിനു മുമ്പായി അപായ സൂചന ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.