പത്തനാപുരം: രണ്ട് സബ് രജിസ്ട്രാര്‍ ഓഫിസുകളിലായി രണ്ട് വ്യത്യസ്ത വ്യക്തികളെ ഒരേസമയം വിവാഹം കഴിക്കുന്നതിന് യുവതി അപേക്ഷ നല്കിയ സംഭവത്തില്‍ നോട്ടീസ് നല്കാന് രജിസ്ട്രേഷന് വകുപ്പിന്റെ തീരുമാനം. പുനലൂര്‍, പത്തനാപുരം സബ് രജിസ്ട്രാര്‍മാര്‍ സംഭവത്തിൽ ഉൾപ്പെട്ട പെണ്‍കുട്ടിക്കും രണ്ട് യുവാക്കള്‍ക്കും നോട്ടീസ് നല്‍കും.
പത്തനാപുരം സ്വദേശിയായ പെൺകുട്ടിയാണ് സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം പത്തനാപുരം, പുനലൂർ സ്വദേശികളെ വിവാഹം കഴിക്കുന്നതിനായി രണ്ട് സബ് രജിസ്ട്രാർ ഓഫിസുകളിൽ അപേക്ഷ നൽകിയത്. ജൂൺ 30ന് പത്തനാപുരം ഓഫിസില്‍ നൽകിയ അപേക്ഷയിൽ പത്തനാപുരം സ്വദേശിയായ യുവാവാണ് വരന്റെ സ്ഥാനത്തുള്ളത്.
കഴിഞ്ഞ ദിവസം പുനലൂർ സബ് രജിസ്ട്രാർ ഓഫിസിൽ പുനലൂർ ഉറുകുന്ന് സ്വദേശിയായ മറ്റൊരു യുവാവിനെ വിവാഹം കഴിക്കുമെന്ന് കാട്ടി ഇതേ പെൺകുട്ടി വീണ്ടും അപേക്ഷ നൽകി. അപേക്ഷ പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായി ഇവിടെ നിന്നുള്ള നോട്ടീസ് പെൺകുട്ടിയുടെ താമസപരിധി വരുന്ന പത്തനാപുരം സബ് രജിസ്ട്രാർ ഓഫിസിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഇതേതുടര്‍ന്നാണ് മൂന്ന് പേരെയും വിളിച്ചുവരുത്താന്‍ രജിസ്ട്രാര്‍ തീരുമാനിച്ചത്.
പുനലൂരിൽ ലഭിച്ച അപേക്ഷയിലെ ആളുകള്‍ക്ക് പുനലൂരില്‍ നിന്നും പത്തനാപുരത്ത് നിന്നുള്ള വ്യക്തികള്‍ക്ക് അവിടെ നിന്നും നോട്ടീസ് നല്‍കും. അതാത് ഓഫിസുകളില്‍ നേരിട്ട് ഹാജരാകാനാണ് നോട്ടീസ് നല്‍കുക. ഇത്തരത്തിൽ അപേക്ഷ വന്നതിന് പിന്നിലെ കാരണങ്ങൾ ബോധിപ്പിക്കണം. ഇവരുടെ വിശദീകരണം അനുസരിച്ചാകും തുടർ നടപടി. ഹാജരായില്ലെങ്കിൽ നിശ്ചിതദിവസങ്ങൾ കഴിഞ്ഞ് രണ്ട് അപേക്ഷകളും തള്ളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.