പത്തനാപുരം: സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച അന്തർ സംസ്ഥാന തൊഴിലാളിയെ പൊലീസ് പിടികൂടി. തമിഴ്നാട് അംബാ സമുദ്രം ധർമപുരണ്ടം സ്വദേശി ബാലമുരുകനാണ് (23) പിടിയിലായത്. പത്തനാപുരം ടൗണിൽ പ്രവർത്തിക്കുന്ന ബേക്കറിയിലെ ശുചീകരണ ജോലിക്കാരനാണ്. സ്ഥിരമായി കാണാറുള്ള സ്കൂൾ വിദ്യാർഥിനിയുമായി മൊബൈൽ ഫോൺ വഴി സൗഹൃദം സ്ഥാപിച്ച് പീഡിപ്പിക്കുകയായിരുന്നു.
വിവരമറിഞ്ഞ ബേക്കറിയുടമ കുട്ടി പഠിക്കുന്ന സ്കൂൾ അധികൃതരെ വിവരം അറിയിക്കുകയും തുടർന്ന് ചൈൽഡ് ലൈനുമായി ബന്ധപ്പെടുകയായിരുന്നു. ചൈൽഡ് ലൈനിൽനിന്ന് കൈമാറിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച പത്തനാപുരം പൊലീസ് പ്രതിയെ അന്വേഷിച്ച് എത്തിയപ്പോഴേക്കും തമിഴ്നാട്ടിലേക്ക് കടന്നിരുന്നു. ഇൻസ്പെക്ടർ ജയകൃഷ്ണന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കിയ പൊലീസ് ഇയാളെ തേടി തമിഴ്നാട്ടിൽ എത്തി.
പൊലീസിന്റെ സാന്നിധ്യം മനസ്സിലാക്കി ഒളിവിൽപോയ പ്രതിയെ കൊല്ലം റൂറൽ സൈബർ സെല്ലിന്റെയും തമിഴ്നാട് പൊലീസിന്റെയും സഹായത്തോടെ പത്തനാപുരം എസ്.ഐ ശരലാൽ, സിവിൽ പൊലീസ് ഓഫിസർമാരായ ഷഹീർ, വിഷ്ണു എന്നിവർ ഉൾപ്പെട്ട ക്രൈം സ്ക്വാഡ് കളക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിൽനിന്ന് സാഹസികമായി പിടികൂടുകയായിരുന്നു. പത്തനാപുരം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.