ഓയൂർ: മരുതിമലയിൽ സ്വകാര്യ വ്യക്തികൾ പിടിമുറുക്കിയതോടെ റവന്യൂ ഭൂമി തിരിച്ചുപിടിക്കാൻ രേഖകൾ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് തഹസിൽദാർ പി. ശുഭവൻ ‘മാധ്യമ’ ത്തോട് പറഞ്ഞു. രണ്ടുമാസം മുമ്പാണ് മരുതിമലയിലെ ഇക്കോ ടൂറിസം പദ്ധതി ഭൂമിയായ 38 ഹെക്ടർ റവന്യു അധികൃതർ അളന്ന് തിട്ടപ്പെടുത്തിയത്. സ്വകാര്യ വ്യക്തികൾക്ക് മലമുകളിലെ എട്ടേക്കറിൽ പട്ടയ ഭൂമിയുണ്ടെന്ന് കാണിച്ച് കലക്ടർക്കും ഹൈകോടതിക്കും പരാതി നൽകിയിരുന്നു.
കലക്ടർ സ്വകാര്യ വ്യക്തികളുടെ രേഖകൾ പരിശോധിച്ചിരുന്നു. സ്വകാര്യവ്യക്തികൾക്കെതിരെ വെളിയം പഞ്ചായത്തും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തുവന്നു. ഇതിനിടെയാണ് ഹൈകോടതി പദ്ധതി ഭൂമി അളന്ന് തിട്ടപ്പെടുത്താൻ കലക്ടർക്ക് നിർദേശം നൽകിയത്. റിപ്പോർട്ട് കോടതിയിൽ ഹാജരാക്കാനും നിർദേശം നൽകിയിരുന്നു. ഇതിനിടെ കലക്ടർ അഫ്സാന പർവീൺ മല സന്ദർശിച്ചിരുന്നു. ശേഷം റവന്യു ഉദ്യോഗസ്ഥർ അളക്കൽ നടപടികൾ പൂർത്തീകരിച്ച് റിപ്പോർട്ട് തഹസിൽദാറിന് നൽകി. പദ്ധതി ഭൂമിയിൽ വസ്തു ഉണ്ടെന്ന് പറയുന്നവർക്ക് റവന്യൂ അധികൃതർ രേഖകകൾ ഹാജരാക്കാൻ നോട്ടീസ് നൽകി. ഇതിൽ രണ്ടുപേർ മാത്രമാണ് രേഖകൾ ഹാജരാക്കിയതെന്ന് തഹസിൽദാർ പറഞ്ഞു. ഇവർ നൽകിയ രേഖയിൽ വ്യക്തതയില്ലാത്തതിനാൽ കൂടുതൽ വിവരങ്ങൾ നൽകാൻ നിർദേശം നൽകിയിട്ടുണ്ട്.
ആറുപേരുടെ രേഖകൾ സ്വകാര്യ വ്യക്തികൾക്ക് അനുകൂലമായി വന്നാൽ ഇക്കോ ടൂറിസം പദ്ധതി അട്ടിമറിക്കപ്പെടും. മലമുകളിൽ തന്നെയാണ് സ്വകാര്യവ്യക്തികൾക്ക് ഭൂമിയുള്ളതായി പറയുന്നത്. 2010ന് മുമ്പ് മരുതി മലയിലെ ഒരുഭാഗം പാറ മാഫിയകൾ ഖനനം ചെയ്ത് പൊട്ടിച്ചിരുന്നു. ഇതിനെതിരെ അന്നത്തെ വെളിയം പഞ്ചായത്ത് പ്രസിഡന്റും പരിസ്ഥിതി പ്രവർത്തകരും പാറ മാഫിയകളുമായി ഏറ്റുമുട്ടിയിരുന്നു. തുടർന്ന് പാറ ഖനനം നിർത്തിവെക്കുകയായിരുന്നു. 2007ലാണ് മരുതിമലയിൽ കേരളത്തിലെ ആദ്യത്തെ ഹരിതവനം പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ആദ്യ ഘട്ടമെന്ന നിലയിൽ 1000 തൈകൾ വൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചിരുന്നു. ഇത് പൂർണമായും നശിച്ചു. പിന്നീട് ഈ പദ്ധതി തുടർന്നില്ല.
തുടർന്ന് ഇക്കോ ടൂറിസം പദ്ധതി നടപ്പാകുകയും 2019ൽ ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. മലമുകളിൽ വഴി വെട്ടൽ, വേലികെട്ടിത്തിരിക്കൽ, കെട്ടിടം നിർമിക്കൽ എന്നിവ നടന്നു.
മന്ത്രി കെ.എൻ. ബാലഗോപാലിന്റെ വികസന ഫണ്ടിൽനിന്ന് 50 ലക്ഷം രൂപയാണ് രണ്ടാം ഘട്ടത്തിന്റെ നിർമാണത്തിനായി അനുവദിച്ചത്. ഇതിനിടെയാണ് സ്വകാര്യവ്യക്തികൾ പാറയുടെ മുകളിൽ ഭൂമിയുണ്ടെന്ന അവകാശ വാദവുമായി രംഗത്തുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.