പുനലൂർ: ബൈപാസ് നിർമാണത്തിന് ആവശ്യമായ അലൈൻമെന്റിന് അംഗീകാരം. പദ്ധതിയുമായി ബന്ധപ്പെട്ട് തയാറാക്കിയ നാല് അലൈൻമെന്റുകൾ പരിശോധിച്ചു. അനുയോജ്യമായത് അംഗീകാരിക്കാനായി കലക്ടറേറ്റിൽ പി.എസ്. സുപാൽ എം.എൽ.എ യുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിലാണ് അലൈൻമെന്റ് അംഗീകരിച്ചത്.
ദേശീയപാതയിൽ പൈനാപ്പിൾ ജങ്ഷനിൽനിന്ന് ആരംഭിച്ച് ഇടമൺ 34ന് 100 മീറ്റർ മുമ്പ് ദേശീയപാതയിൽ അവസാനിക്കുന്ന നിലയിലുള്ള അലൈൻമെൻറാണ് അംഗീകരിച്ചത്. 12 കിലോമീറ്റർ നീളവും 45 മീറ്റര്‍ വീതിയുമുണ്ട്. ഈ നിർദേശം ദേശീയപാതയുടെ പ്രത്യേക സ്കീമിൽ ഉൾപ്പെടുത്തി അംഗീകാരം ലഭിക്കുന്നതിനുള്ള തുടർനടപടി കൈക്കൊള്ളുന്നതിന് യോഗം തീരുമാനിച്ചു. പുനലൂർ പട്ടണത്തിലെ വാഹനത്തിരക്ക് ഒഴിവാക്കുന്നതിന് പി.എസ്. സുപാൽ എം.എൽ.എ ഫെബ്രുവരി എട്ടിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിക്ക് ബൈപാസ് സംബന്ധിച്ച് പ്രപ്പോസൽ സമർപ്പിച്ചിരുന്നു. പ്രോജക്റ്റ് അംഗീകരിച്ച് പ്രപ്പോസലിൽ പരിഗണിക്കാവുന്ന നാല് സമാന്തര അലൈൻമെന്റുകളാണ് തയാറാക്കിയത്. ഏകദേശം 55 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിനും നിർമാണത്തിനുമായി 500 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബി, വാട്ടർ അതോറിറ്റി, ദേശീയപാത അതോറിറ്റി തുടങ്ങിയ ഉദ്യോഗസ്ഥതല സംയുക്തയോഗം കലക്ടറുടെ ചേംബറിൽ ഉടൻ നടക്കും. അംഗീകാരം ലഭിച്ച അലൈൻമെന്റ് അനുസരിച്ചുള്ള വിശദമായ പദ്ധതിരേഖ രണ്ടാഴ്ചക്കുള്ളിൽ തയാറാക്കി സമർപ്പിക്കുമെന്ന് എൻ.എച്ച്.എ.ഐ പ്രോജക്ട് ഡയറക്ടർ ബിപിന്‍ മധു അറിയിച്ചു. കൊല്ലം കാവനാട് മുതൽ ഇടമൺ വരെ നിലവിലെ ദേശീയ പാത വീതികൂട്ടി നവീകരിക്കുന്നതിനും വാളക്കോട് മേല്‍പാലം നിര്‍മിക്കുന്നതിനും മുമ്പ് ദേശീയപാത അതോറിറ്റി തയാറാക്കി സമർപ്പിച്ചിരുന്ന 460 കോടിയുടെ പദ്ധതി ഉപേക്ഷിച്ച തീരുമാനം പുനഃപരിശോധിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.
യോഗത്തിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി, കലക്ടർ എൻ. ദേവിദാസ്, തെന്മല പഞ്ചായത്ത് പ്രസിഡന്റ് കെ. ശശിധരൻ, എൻ.എച്ച്.എ കോഓഡിനേറ്റർ സലിം, പൊതുമരാമത്ത്, എൻ.എച്ച് മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥർ കൺസൾട്ടൻസിയുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.