പുനലൂർ: ടയർ പഞ്ചറായതിനെതുടർന്ന് ഒരുവശം ചരിഞ്ഞ ടാങ്കറിൽനിന്ന് ഹൈട്രോക്ലോറിക് ആസിഡ് ചോർന്നു. രാത്രിയിലുണ്ടായ ആസിഡ് ചോർച്ച ഇടമണ്ണിൽ ജനങ്ങളെ ആശങ്കയിലാക്കി. കൊല്ലം-ചെങ്കോട്ട ദേശീയപാതയിൽ വാഹനങ്ങൾ വഴിതിരിച്ചുവിട്ടു. തൂത്തുക്കുടിയിൽനിന്ന് പുനലൂരിലേക്ക് ആസിഡുമായി വന്ന ടാങ്കർ ലോറി ബുധനാഴ്ച രാത്രി ഒമ്പതോടെ ദേശീയപാതയിൽ ഇടമൺ കമ്പനിക്കട ഭാഗത്ത് എത്തിയപ്പോഴാണ് ടയർ പഞ്ചറായി വശത്തേക്ക് ചരിഞ്ഞത്. ഇതോടെയാണ് ടാങ്കറിൽനിന്ന് ആസിഡ് ചോർച്ച അനുഭവപ്പെട്ടത്.
ആസിഡ് ചോർച്ചയെതുടർന്ന് പ്രദേശത്ത് പുകയും രൂക്ഷമായ ഗന്ധവും പരന്നു. രാത്രി വൈകിയും റോഡിൽ ആസിഡ് ഒഴുകുന്ന സ്ഥിതിയായി. സംഭവം അറിഞ്ഞയുടൻ പുനലൂർ അഗ്നിരക്ഷാസേന സ്ഥലത്തെത്തി ആരംഭിച്ച രക്ഷാപ്രവർത്തനം രാത്രി വൈകിയും തുടർന്നു. ആസിഡ് കൈകാര്യം ചെയ്യുന്ന വിദഗ്ധർ എത്തിയാൽ മാത്രമേ ഹൈട്രോക്ലോറിക് ആസിഡ് ഒഴുകിപ്പരക്കുന്നത് നിർത്തി പരിഹാരം കാണാൻ കഴിയുകയുള്ളൂ.
സംഭവത്തെതുടർന്ന് ദേശീയപാതയിൽ മറ്റ് വാഹനങ്ങൾ കടന്നുപോകുന്നതിനും ബുദ്ധിമുട്ടായി. ഇതിനെതുടർന്ന് വാഹനങ്ങൾ ഇടമൺ പാപ്പന്നൂർ റോഡ് വഴി തിരിച്ചുവിട്ടു. തെന്മല പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.