പുനലൂർ: വനാതിർത്തിലുള്ള എസ്റ്റേറ്റ് റോഡുകളിൽ ഫീസ് വാങ്ങി ആളുകളെ കയറ്റിവിടുന്നതിനെതിരെ നടപടിയുമായി ആര്യങ്കാവ് വനം അധികൃതർ. ആര്യങ്കാവിലെ കഴുതുരുട്ടി ആനച്ചാടി പാലം-അമ്പനാട്, കഴുതുരുട്ടി-അമ്പനാട് എന്നീ എസ്റ്റേറ്റ് റോഡിലൂടെയാണ് എസ്റ്റേറ്റ് അധികൃതർ ആളൊന്നിന് 100 രൂപ വീതം ഫീസ് വാങ്ങി കടത്തിവിടുന്നത്.
എസ്റ്റേറ്റ് മേഖലയിലുള്ള വെള്ളച്ചാട്ടങ്ങളിൽ കുളിക്കാനും തേയിലത്തോട്ടങ്ങൾ കാണാനുമാണ് ഇവർ എത്തുന്നത്. രാത്രിയും പകലും വരുന്ന യാത്രക്കാർ അനധികൃതമായി വനത്തിൽ കയറി പ്ലാസ്റ്റിക് ഉൾപ്പെടെ വലിച്ചെറിയുന്നത് വന്യമൃഗങ്ങൾക്ക് ഭീഷണി സൃഷ്ടിക്കുന്നത് കണക്കിലെടുത്താണ് വനപാലകരുടെ നടപടി. കൂടാതെ ആന, കാട്ടുപോത്ത് തുടങ്ങിയവയുടെ കേന്ദ്രമായതിനാൽ ഇതുവഴിയുള്ള യാത്ര അപകടകരമാണ്. യാത്രക്കാർക്ക് എന്തെങ്കിലും സംഭവിച്ചാലും വനത്തിൽ അനധികൃതമായി കടന്നാലും എസ്റ്റേറ്റ് അധികൃതരെയും കേസിൽ ഉൾപ്പെടുത്തും.
ഈ ഭാഗത്ത് ഫീസ് വാങ്ങി ആളുകളെ കയറ്റിവിടുന്നത് അവസാനിപ്പിച്ചില്ലെങ്കിൽ എസ്റ്റേറ്റ് അധികൃതർക്കെതിരെ നടപടി സ്വീകരിക്കുമെന്നുകാണിച്ച് റേഞ്ച് ഓഫിസ് അധികൃതർ ട്രാവൻകൂർ റബർ ആൻഡ് ടി കമ്പനി മാനേജർക്ക് കത്ത് നൽകി.
എസ്റ്റേറ്റിലുള്ള അമ്പനാട് വെള്ളച്ചാട്ടത്തിൽ തമിഴ്നാട്ടിൽ നിന്നുള്ള നിരവധിയാളുകൾ എത്തുന്നുണ്ട്. ആളൊന്നിന് നൂറുരൂപയാണ് ഫീസ്. നാട്ടുകാരും ഡ്രൈവർമാരും ഉൾപ്പെടെയുള്ള സംഘമാണ് ആളുകളെ ഇവിടെ എത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.