പുനലൂർ: പുനലൂർ-പൊൻകുന്നം സംസ്ഥാന ഹൈവേയിൽ തിരക്കേറിയ പുനലൂർ ഹൈസ്കൂൾ ജങ്ഷനിൽ പുലർച്ച കടകൾക്ക് മുന്നിലേക്ക് ട്രെയിലർ ഇടിച്ചുകയറി. അടൂരിൽ നിന്ന് തമിഴ്നാട്ടിലേക്ക് പാറയുൽപന്നങ്ങൾ കയറ്റാൻ പോയ ട്രെയിലർ ബുധനാഴ്ച പുലർച്ച മൂന്നോടെയാണ് അപകടത്തിൽപെട്ടത്. ജങ്ഷനിലെ ചെറിയ വളവ് തിരിയുന്നതിനിടെ വാഹനം പാതയുടെ ഇടതുവശത്തെ സംരക്ഷണവേലികളും വൈദ്യുതി പോസ്റ്റും ഇടിച്ച് കടയുടെ മുന്നിലായി നിന്നു.
അപകടത്തെ തുടർന്ന് കെ.വി ലൈനിന്റെ ഉൾപ്പെടെ മൂന്ന് വൈദ്യുതി പോസ്റ്റുകളും ലൈനുകളും തകർന്നു. നിസാര പരിക്കേറ്റ ഡ്രൈവർ പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പാത നവീകരിച്ച ശേഷം ഹൈസ്കൂൾ ജങ്ഷനിൽ നിരവധി വാഹനാപകടങ്ങളാണ് ഉണ്ടാകുന്നത്. ഹൈസ്കൂൾ, ഹയർസെക്കൻഡറി ഉൾപ്പടെ മൂന്നു സ്കൂളുകളിലെ കുട്ടികൾ ഈ ജങ്ഷനിലൂടെയാണ് വന്നുപോകുന്നത്.
നടപ്പാതയിലെ കൈവരികളും സൂചന ബോർഡുകളുമെല്ലാം ഇതിനകം വാഹനങ്ങൾ ഇടിച്ചു തകർത്തു. ഈ ഭാഗത്തെ വളവും പാതയുടെ മിനുസവുമാണ് അപകടത്തിന് ഇടയാക്കുന്നത്. റെയിൽവേ മേൽപാലം ഉള്ളതിനാൽ ഈ ഭാഗത്ത് വീതികുറവും അപകടത്തിന് കാരണമാണ്.
അപകടാവസ്ഥ കണക്കിലെടുത്ത് സോളാർ മുന്നറിയിപ്പ് ലൈറ്റ്, സ്പീഡ് ബ്രേക്കർ തുടങ്ങിയ സുരക്ഷ സംവിധാനങ്ങൾ ഒരുക്കണമെന്ന ആവശ്യം കെ.എസ്.ടി.പി അധികൃതർ ഇനിയും പരിഗണിച്ചിട്ടില്ല.വിഷയത്തിൽ ഹൈസ്കൂൾ പൗരാവലി പി.എസ്. സുപാൽ എം.എൽ.എ ഉൾപ്പടെ അധികൃതർക്ക് കഴിഞ്ഞ ദിവസം നിവേദനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.