പുനലൂർ: ആര്യങ്കാവ് പഞ്ചായത്തിലെ മലയോരമേഖലയിലും തോട്ടംമേഖലയിലും കാട്ടാനയുടെ വിളയാട്ടം ജനജീവിതം ദുസ്സഹമാക്കുന്നു. വ്യാഴാഴ്ച രാത്രിയിലും ഒറ്റയാനും ആനകൂട്ടവും പലയിടത്തും കൃഷിനാശം വരുത്തി. ദേശീയപാതയിൽ മോട്ടോർ വെഹിക്കിൾ ചെക്പോസ്റ്റിന് സമീപത്തെ കൃഷിയിടത്തിൽ ഒറ്റയാൻ എത്തി. ദേശീയപാതക്കും റെയിൽവേ ലൈനിനും ഇടയിലുള്ള താമസക്കാരുടെ കൃഷിയിടത്തിലാണ് ആനയെത്തിയത്.
അഖില ഭവനിൽ ശ്രീകുമാർ, അമൃത ഭവനിൽ പ്രദീപ് എന്നിവരുടെ വീടിനോട് ചേർന്ന തെങ്ങുകളും വാഴയും നശിപ്പിച്ചു. പുലർച്ചെ രണ്ടരയോടെയാണ് ആനയെത്തിയത്. ആളുകൾ ബഹളംവച്ച് ആനയെ കാടുകയറ്റുകയായിരുന്നു.
കഴിഞ്ഞ ദിവസം ആനച്ചാടി പാലത്തിന് സമീപം ജമീലബീവിയുടെ കൃഷിയിടത്തിലെത്തിയ ഒറ്റയാൻ മരങ്ങൾ തള്ളിയിട്ട് ഇവരുടെ വീടിന് നാശമുണ്ടായി. എസ്റ്റേറ്റ് മേഖലയായ വെഞ്ചർ, ആനച്ചാടി ഭാഗങ്ങളിൽ രണ്ട് ദിവസമായി കാട്ടാനകൾ വലിയ ഭീഷണി സൃഷ്ടിക്കുന്നു.
കൃഷിയിടങ്ങളിൽ രാത്രിയിൽ ആനകൾ എത്തുന്നത് പതിവായി. ലയങ്ങളോട് ചേർന്ന കൃഷിയിടങ്ങളിൽവരെ ആനകൾ നാശനഷ്ടം വരുത്തിയിട്ടുണ്ട്. തോട്ടം മേഖലയിൽ ജോലിക്ക് പോകുന്നവർ ഭീതിയിലാണ്. വനംവകുപ്പ് യാതൊരു പ്രതിരോധനടപടിയും സ്വീകരിക്കുന്നില്ലെന്നാണ് ഇവരുടെ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.