പുനലൂർ: കൊല്ലം-ചെങ്കോട്ട റെയിൽപാതയിൽ വൈദ്യുതീകരണം പൂർത്തിയാക്കിയ ഇടമൺ-ഭഗവതിപുരം സെക്ഷനിൽ ഉന്നതസംഘം പരിശോധന നടത്തി. 27ന് പ്രിൻസിപ്പൽ ചീഫ് ഇലക്ട്രിക്കൽ എൻജിനീയർ (പി.സി.ഇ.ഇ) എ.കെ. സിദ്ധാർഥയുടെ അന്തിമ പരിശോധനയുടെ മുന്നോടിയായായിരുന്നു വെള്ളിയാഴ്ചത്തെ പരിശോധന.
വൈദ്യുതീകരണവിഭാഗം ചീഫ് പ്രോജക്ട് ഡയറക്ടർ സമീർ ഡിഗേയും ചീഫ് ഡിസ്ട്രിബ്യൂഷൻ ഇലക്ട്രിക്കൽ എൻജിനീയർ കെ. സുന്ദരേശനും ഉൾപ്പെട്ട സംഘമാണ് പരിശോധനക്ക് എത്തിയത്. പാതയിൽ വൈദ്യുതി യാത്രാവണ്ടി ഓടിക്കാൻ അനുമതി നൽകുന്നതിനുമുന്നോടിയായാണ് ഉന്നത ഉദ്യോഗസ്ഥരുടെ പരിശോധന. പി.സി.ഇ.ഇയുടെ പരിശോധനക്കു മുന്നോടിയായുള്ള പരിശോധന നേരേത്ത നിശ്ചയിച്ചിരുന്നത് സാങ്കേതികകാരണങ്ങളാൽ രണ്ടുതവണ മാറ്റിെവച്ചു.
കൊല്ലം പെരിനാട്ടെ ട്രാക്ഷൻ സബ്സ്റ്റേഷനിൽനിന്നും തമിഴ്നാട്ടിലെ വിരാനെല്ലൂർ സബ്സ്റ്റേഷനിൽ നിന്നും 25 കെ.വി. വൈദ്യുതി ലഭ്യമാക്കാനാണ് തീരുമാനം. ഇതിനുള്ള അനുമതിയും പി.സി.ഇ.ഇയാണ് നൽകേണ്ടത്. ദക്ഷിണ റെയിൽവേയുടെ ചെന്നൈ ആസ്ഥാനത്തുനിന്ന് അനുമതി ലഭിച്ചാലേ പരീക്ഷണയോട്ടം നടത്താനാകൂ. പൂർണമായും പശ്ചിമഘട്ടമേഖലയിൽ ഉൾപ്പെടുന്നതും 34 കിലോമീറ്റർ ദൈർഘ്യമുള്ളതുമായ ഇടമൺ-ഭഗവതിപുരം സെക്ഷനിൽ കഴിഞ്ഞയാഴ്ചയാണ് വൈദ്യുതീകരണ പ്രവൃത്തികൾ പൂർത്തിയാക്കിയത്. പി.സി.ഇ.ഇയുടെയും ദക്ഷിണ റെയിൽവേയുടെയും അനുമതി ലഭിച്ചാൽ കൊല്ലം-ചെങ്കോട്ട പാതയിലും വൈദ്യുതി യാത്രാവണ്ടി ഓടിച്ചുതുടങ്ങാം. ഇതോടെ കൊല്ലത്തുനിന്ന് പുനലൂർ, ചെങ്കോട്ട വഴി ചെന്നൈ വരെയും പൂർണമായും വൈദ്യുതീകരണമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.