പുനലൂർ: രാജ്യത്ത് ബി.ജെ.പി സർക്കാർ കാട്ടുന്ന അനീതിക്കെതിരെ മതനിരപേക്ഷ കക്ഷികൾ ഒരുമിച്ച് നിൽക്കേണ്ട ഇപ്പോഴത്തെ സാഹചര്യത്തിൽ കോൺഗ്രസ് സങ്കുചിത രാഷ്ട്രീയം കളിക്കുന്നതായി സി.പി.എം കേന്ദ്രകമ്മിറ്റിയംഗം എളമരം കരീം എം.പി. രണ്ടാം എൽ.ഡി.എഫ് സർക്കാറിന്റെ രണ്ടാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി പുനലൂരിൽ നടന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കർണാടക സർക്കാറിന്റെ സത്യപ്രതിജ്ഞയിൽനിന്ന് കേരള മുഖ്യമന്ത്രിയടക്കമുള്ള പ്രതിപക്ഷ നിരയിലുള്ള മുഖ്യമന്ത്രിമാരെ കോൺഗ്രസ് ഒഴിവാക്കിയതെന്തിനെന്നും അദ്ദേഹം ചോദിച്ചു. ,കേരള മുഖ്യമന്ത്രിയെ ക്ഷണിക്കാതിരുന്നതിൽ ഞങ്ങൾക്ക് ഒരു പ്രശ്നവുമില്ല.
എന്നാൽ രാഹുൽഗാന്ധിക്കെതിരെ കോടതിയും സർക്കാരും അനീതി കാട്ടിയപ്പോൾ സി.പി.എം ഉൾപ്പെടെ ഇതിനെതിരെ ശക്തമായി രംഗത്ത് വന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരുമിച്ച് നിന്ന് നേരിടേണ്ടതിനെ കുറിച്ച് കോൺഗ്രസ് ചിന്തിക്കേണ്ടേ.
ഇങ്ങനെയാണെങ്കിൽ കോൺഗ്രസ് തന്നെ ബി.ജെ.പിയെ വീണ്ടും അധികാരത്തിൽ കൊണ്ടുവരുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പി.എസ്. സുപാൽ എം.എൽ.എയുടെ അധ്യക്ഷത വഹിച്ചു. എസ്. ജയമോഹൻ, സി.പി.എം ജില്ല സെക്രട്ടറി എസ്. സുദേവൻ, എൽ.ഡി. എഫ് മണ്ഡലം സെക്രട്ടറി എസ്. ജയമോഹനൻ, മറ്റു നേതാക്കളായ ഗോപി, എസ്. ബിജു, എം.എ. രാജഗോപാൽ, കെ. ബാബു പണിക്കർ, ഡി. വിശ്വസേനൻ, സി. അജയപ്രസാദ്, കെ. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ടി.ബി ജങ്ഷൻ, പവർഹൗസ് ജങ്ഷൻ എന്നിവിടങ്ങളിൽ നിന്ന് റാലി ആരംഭിച്ച് മാർക്കറ്റ് ജങ്ഷനിൽ സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.