പുനലൂർ: ചരിത്ര സംരക്ഷിത സ്മാരകമായ പുനലൂർ തൂക്കുപാലത്തിൽ ചിത്രീകരണത്തിന് നിയന്ത്രണം ഏർപ്പെടുത്തി പുരാവസ്തു അധികൃതർ. മൂൻകൂട്ടിയുള്ള അനുവാദമില്ലാതെ പാലത്തിനുള്ളിൽ ഫോട്ടോഗ്രാഫിയും വിഡിയോ ഗ്രാഫിയും അധികൃതർ നിരോധിച്ചു. ഇതിനെതിരെ യുവജനസംഘടനകൾ പ്രതിഷേധവുമായി രംഗത്തുണ്ടെങ്കിലും നിയന്ത്രണത്തിന് ഇളവ് വരുത്താൻ അധികൃതർ തയാറായിട്ടില്ല. തൂക്കുപാലത്തിലെ പ്രവേശനം തികച്ചും സൗജന്യമാണ്. തൂക്കുപാലം നവീകരിച്ച് കഴിഞ്ഞവർഷം തുറന്നുകൊടുത്തതോടെ ധാരാളം വിനോദ സഞ്ചാരികൾ പാലം കാണാൻ എത്തുന്നുണ്ട്. ഇതര, സംസ്ഥാനത്ത് നിന്നും രാജ്യങ്ങളിൽ നിന്നും കുടുംബ സമേതവും അല്ലാതെയും പാലം കാണാൻ എത്തുന്നവരുടെ എണ്ണം നാൾക്കുനാൾ കൂടുകയാണ്.
ഇതിനൊടൊപ്പം വിവാഹ പാർട്ടികളും പരസ്യ കമ്പനികളും നവമാധ്യമ പ്രതിനിധികളും തുക്കുപാലത്തിനുള്ളിൽ ചിത്രീകരണത്തിന് എത്തുന്നതും പതിവായി. ഇക്കൂട്ടരുടെ മണിക്കൂറുകളോളം നീളുന്ന ചിത്രീകരണം പലപ്പോഴും മറ്റുള്ളവർക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. വീതി കുറവായ പാലത്തിന്റെ നടുക്കും ആറ്റിന്റെ വശത്തും മറ്റും കാമറകൾ സ്ഥാപിച്ച് ആളുകൾ കൂട്ടംകൂടി നിൽക്കുന്നതും ബഹളം ഉണ്ടാക്കുന്നതും പതിവാണ്.
ഇതുകാരണം കുട്ടികളുമൊത്ത് കുടുംബസമേതം എത്തുന്നവർക്ക് പാലത്തിലൂടെ നടക്കാനും ബുദ്ധിമുട്ടായി. പാലത്തിലുള്ള ചിത്രീകരണത്തിന് നിയന്ത്രണം ഏർപ്പെടുത്തി ബോർഡ് സ്ഥാപിച്ചു. എല്ലാ സംരക്ഷിത സ്മാരകങ്ങളിലും ഉള്ള നിയന്ത്രണമേ തൂക്കുപാലത്തിലും ഏർപ്പെടുത്തിയിട്ട് ഉള്ളുവെന്നാണ് അധികൃതർ പറയുന്നത്. പാലത്തിന് വെളിയിൽ ചിത്രീകരണത്തിന് തടസമില്ല. പാലം കാണാൻ എത്തുന്നവരുടെ സൗകര്യം കൂടി കണക്കിലെടുത്താണ് നിയന്ത്രണമെന്നും അധികൃതർ സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.