പുനലൂർ: നഗരസഭ വൈസ് ചെയർമാനായി സി.പി.എമ്മിലെ ഡി. ദിനേശനെ തെരഞ്ഞെടുത്തു. തിങ്കളാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ ദിനേശന് 21 ഉം എതിർസ്ഥാനാർഥി കോൺഗ്രസിലെ എൻ. സുന്ദരേശന് 14ഉം വോട്ട് ലഭിച്ചു. മുന്നണി ധാരണ പ്രകാരം സി.പി.ഐയിലെ വി.പി. ഉണ്ണികൃഷ്ണൻ വൈസ് ചെയർമാൻ സ്ഥാനം രാജിവെച്ചതിനെതുടർന്നാണ് സി.പി.എമ്മിന് അടുത്ത രണ്ടു വർഷത്തേക്ക് ഈ സ്ഥാനം ലഭിച്ചത്.
35 അംഗ കൗൺസിലിൽ എൽ.ഡി.എഫിന് 21ഉം യു.ഡി.എഫിന് 14 ഉം കൗൺസിലർമാരുമുണ്ട്. നിലവിൽ പൊതുമരാമത്ത് സ്ഥിരംസമിതി ചെയർമാനും എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡറുമായിരുന്ന ദിനേശൻ ഈ സ്ഥാനങ്ങൾ തിങ്കളാഴ്ച രാവിലെ രാജിവെച്ചു.
നഗരസഭയിലെ ഗ്രേസിങ് ബ്ലോക്ക് വാർഡിനെ പ്രതിനിധീകരിക്കുന്ന ദിനേശൻ സി.പി.എം പുനലൂർ ഏരിയ കമ്മിറ്റിയംഗമാണ്. 2010-15 കാലയളവിൽ ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാനായിരുന്നു. പുതിയ വൈസ് ചെയർമാന് ചെയർപേഴ്സൺ ബി. സുജാത സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വരണാധികാരി പുനലൂർ ടിംബർ സെയിൽസ് ഡി.എഫ്.ഒ കോശി ജോൺ തെരഞ്ഞെടുപ്പിന് മേൽനോട്ടം വഹിച്ചു. എൽ.ഡി.എഫ് പാർലമെൻററി പാർട്ടി ലീഡറായി ബിനോയി രാജനെ തീരുമാനിച്ചു.
അനുമോദന യോഗത്തിൽ കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ്. ജയമോഹനൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി കെ. രാധാകൃഷ്ണൻ, സി.പി.എം ഏരിയ സെക്രട്ടറി എസ്. ബിജു, എൻ.സി.പി നേതാവ് കെ. ധർമരാജൻ, മുൻ ചെയർപേഴ്സൺ നിമ്മി എബ്രഹാം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.