പുനലൂർ: ലോക്ഡൗണിൽ കൂടുതൽ ഇളവ് വന്നതോടെ യാത്രക്കാരുടെ എണ്ണം വർധിച്ചതിനനുസരിച്ച് പൊതുഗതാഗതം പുനരാംഭിക്കാത്തത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു. കിഴക്കൻ മേഖലയിലെ പ്രധാന ഗതാഗത ആശ്രയമായ ട്രെയിൻ സർവിസ് തുടങ്ങാത്തത് അന്തർസംസ്ഥാന യാത്രക്കാരെയടക്കം കൂടുതലായി ദുരിതത്തിലാക്കുന്നു. ദിവസവും തമിഴ്നാട്ടിൽനിന്നടക്കം നൂറുകണക്കിന് നിർമാണ തൊഴിലാളികളടക്കം ഇതുവഴി കേരളത്തിലേക്കെത്തുന്നുണ്ട്. എന്നാൽ, ഇവർക്ക് സഞ്ചരിക്കാൻ ട്രെയിനോ അന്തർസംസ്ഥാന ബസ് സർവിസുകളോ പുനരാരംഭിച്ചിട്ടില്ല. ഇതുകാരണം അതിർത്തി കടന്നവരുന്നവർ വൻതുക മുടക്കി വാഹനം വാടകക്ക് വിളിച്ചുവരേണ്ട അവസ്ഥയാണ്.
കൊല്ലം-ചെങ്കോട്ട ലൈനിലെ ട്രെയിനുകൾ പുനരാരാംഭിച്ചാൽ യാത്രക്കാർക്കും ചെറുകിട കച്ചവടക്കാർക്കും ആശ്വാസമായേനെ. ലോക്ഡൗണിനെതുടർന്ന് കഴിഞ്ഞ മാർച്ച് അവസാനത്തോടെ നിർത്തിവെച്ചതാണ് ഇതുവഴിയുള്ള സർവിസുകൾ.
ആര്യങ്കാവ്, തെന്മല, ഇടമൺ മേഖലയിലുള്ളവർ ജില്ല ആസ്ഥാനമായ കൊല്ലത്തേക്കടക്കം പോയിവരുന്നതിന് വളരെ ബുദ്ധിമുട്ടുന്നു. കുറച്ചുദൂരം മാത്രമുള്ള കെ.എസ്.ആർ.ടി.സിയുടെ പല ബസുകളിലും സമാന്തര സർവിസുകളിലും കയറിയിറങ്ങിയാണ് ഇപ്പോഴത്തെ യാത്ര. ഇതുതന്നെ കോവിഡ് സമ്പർക്കത്തിന് ഇടയാക്കുന്നു. അതേസമയം മതിയായ കെ.എസ്.ആർ.ടി.സി ബസുകളുടെ അഭാവത്തിൽ ജീപ്പുകളിലും മറ്റും യാത്രക്കാരെ കുത്തിനിറച്ച് യാത്രചെയ്യുന്നത് കോവിഡ് വ്യാപന ഭീഷണി ഉളവാക്കുന്നു. കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണ് പലയിടത്തും സമാന്തര സർവിസുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.