പുനലൂർ: കലക്ടറുടെ ഉത്തരവ് അവഗണിച്ച് തെന്മലയിലെ തർക്കഭൂമിയിൽ വനം വകുപ്പ് വേലി നിർമിച്ചത് റവന്യൂ സംഘം പിഴുതെറിഞ്ഞു. സംഭവമറിഞ്ഞ് തെന്മല ഡെപ്യൂട്ടി റേഞ്ചറുടെ നേതൃത്വത്തിൽ വനപാലകർ തടയാനെത്തിയെങ്കിലും പ്രശ്നത്തിന് മുതിരാതെ പിന്മാറി. തെന്മല ജങ്ഷനിലെ 24.16 ഏക്കർ ഡിപ്പോ ഭൂമിയുടെ ഉടമസ്ഥതയെ ചൊല്ലിയാണ് ഇരു വകുപ്പുകളും വർഷങ്ങളായി തർക്കമുള്ളത്. ഭൂമിയെ ചൊല്ലി ഇരു വകുപ്പുകളും തമ്മിലുള്ള തർക്കം രൂക്ഷമായി.
ശനിയാഴ്ച വൈകീട്ട് നാലോടെ പുനലൂർ താലൂക്ക് ഭൂരേഖ തഹസിൽദാർ ഡി. സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ വേലി ഉറപ്പിക്കാൻ സ്ഥാപിച്ചിരുന്ന ഇരുമ്പു തൂണുകൾ പിഴുത് കളഞ്ഞു. ഭൂമി തർക്കം സംബന്ധിച്ച് ഇരു വകുപ്പുകളുടേയും ഉന്നതർ തീരുമാനമെടുക്കാനിരിക്കെ വനം വകുപ്പ് അധികൃതർ അതിക്രമം കാണിക്കുകയാണെന്ന് ഭൂരേഖ തഹസിൽദാർ പറഞ്ഞു. നടപടി സംബന്ധിച്ച് കലക്ടർക്ക് റിപ്പോർട്ട് നൽകി. വേലി നിർമാണവുമായി മുന്നോട്ടു പോയാൽ വനം അധികൃതർക്കെതിരെ കേസ് എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡെപ്യൂട്ടി തഹസിൽദാർ ജിജി മോൾ, താലൂക്ക് സർവേയർ മനോജ് ലാൽ, തെന്മല വില്ലേജ് ഓഫിസർ ബിന്ദു എന്നിവരും എത്തിയിരുന്നു.
ഈ ഭൂമിയിൽ നേരത്തേ വനം വകുപ്പ് വേലി നിർമിച്ചത് റവന്യൂ വിഭാഗം എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. തുടർന്ന് അവകാശം സ്ഥാപിച്ച് റവന്യൂ വിഭാഗം ബോർഡ് വെച്ചു. ഈ ഭൂമി യിൽ ഒരു വിധ നിർമാണങ്ങളും പാടില്ലെന്ന് കാണിച്ച് കഴിഞ്ഞയാഴ്ച കലക്ടറുടെ കത്ത് തെന്മല ഡി.എഫ്.ഒക്ക് നൽകിയിരുന്നു. എന്നാൽ, ഇതെല്ലാം അവഗണിച്ച് ഇരുമ്പു വേലി സ്ഥാപിക്കൽ വനംവകുപ്പ് തുടരുകയായിരുന്നു.
റവന്യൂ പുറമ്പോക്കായിരുന്ന ഭൂമി തടി സൂക്ഷിക്കാൻ വനംവകുപ്പിന് റവന്യൂ വകുപ്പ് താൽക്കാലികമായി വിട്ടുകൊടുത്തതാണ്. ഈ ഭൂമി ഇപ്പോൾ വനംവകുപ്പിന്റേതാണെന്ന് അവകാശപ്പെടുന്നു. വിട്ടുകൊടുക്കാൻ തയാറാകാതെ ഇതിനുള്ളിൽ നിർമാണ പ്രവർത്തനങ്ങളും മറ്റും നടത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.